ഹൈദരലി തങ്ങളില്‍നിന്ന് സാദിഖലി തങ്ങളിലേക്കുള്ള ദൂരം; മുന്നില്‍ പ്രതീക്ഷകളും പ്രതിസന്ധികളും


അജ്മല്‍ മൂന്നിയൂർ

സാദിഖലി ശിഹാബ് തങ്ങൾ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും കെ.സി.വേണുഗോപിലനുമൊപ്പം |ഫോട്ടോ:PTI

രു വര്‍ഷത്തെ ഇടവേളക്കിടയില്‍ ജ്യേഷ്ടസഹോദരന്മാര്‍ വിടപറഞ്ഞതോടെ രാഷ്ട്രീയ നേതൃത്വത്തിന്റേയും മതനേതൃത്വത്തിന്റെ ഉത്തരവാദിത്തം 2009-ല്‍ ഹൈദരലി ശിഹാബ് തങ്ങളെ തേടിയെത്തുകയായിരുന്നു. ഉമറലി ശിഹാബ് തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും വഹിച്ചിരുന്ന പദവികളാണ് ഹൈദരലി തങ്ങളുടെ ചുമലില്‍ വന്നുചേര്‍ന്നത്. 34 വര്‍ഷം മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇരുന്ന മുസ്ലിംലീഗിന്റെ അധ്യക്ഷ കസേരയിലേക്ക് നിയോഗിക്കപ്പെടുമ്പോള്‍ ഹൈദരലി തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി ജ്യേഷ്ടന്‍ ഇക്കാലമത്രയും കാത്തുസൂക്ഷിച്ച മതമൂല്യങ്ങളും പക്വതയാര്‍ന്ന രാഷ്ട്രീയവും സമന്വയിച്ച നേതൃപാടവം നിലനിര്‍ത്തുക എന്നതായിരുന്നു.

13 വര്‍ഷം ആ കസേരയില്‍ തുടര്‍ന്ന ഹൈദരലി തങ്ങള്‍ക്ക് ഇക്കാലത്തിനിടയില്‍ പലവിധത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടിവന്നെങ്കിലും മുഹമ്മദലി തങ്ങളോട് അദ്ദേഹത്തിന് നൂറ് ശതമാനം നീതി പുലര്‍ത്താനായി. നിര്‍ണായകമായ പല ഘട്ടങ്ങളിലും രാഷ്ട്രീയ വിയോജിപ്പുകള്‍ പുലർത്തുന്നവരോടുപോലുമുള്ള സൗമ്യപ്രതികരണമായിരുന്നു ഹൈദരലി തങ്ങളുടെ മുഖമുദ്ര.

മുസ്ലിംലീഗ് രാഷ്ട്രീയമായി വലിയ പ്രതിസന്ധികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് ഹൈദരലി തങ്ങളുടെ ആകസ്മിക വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ പാണാക്കാടു നിന്നുതന്നെ പുതിയൊരു അധ്യക്ഷനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാര്‍ട്ടി. മുസ്ലിംലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് സാദിഖലി തങ്ങള്‍ക്ക് സ്ഥാനം ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്.

'പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വലിയ ചുമതലായാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. പുതിയ കാലഘട്ടമാണ് പുതിയ സമൂഹമാണ് പുതിയ ചിന്തകളാണ്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ലീഗിനുമുണ്ട്', സ്ഥാനം ഏറ്റെടുത്ത ശേഷം മാതൃഭൂമിയോട് അദ്ദേഹം പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഇടപെടലുകളുള്ള ഒരു ഘട്ടമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി. മറ്റു രാഷ്ട്രീയ പ്രതികരണത്തിനൊന്നും അദ്ദേഹം തയ്യാറായില്ല. യുവതലമുറയില്‍ സ്വാധീനം ഉറപ്പിക്കുക എന്നതുതന്നെയാണ് തനിക്ക് മുന്നിലുള്ള പ്രധാനവെല്ലുവിളിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഈ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്.

സാദിഖലി തങ്ങളും ലീഗിലെ പ്രതിസന്ധികളും

മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും പാര്‍ട്ടിയില്‍ സര്‍വ്വസമ്മതരായിരുന്നു എങ്കില്‍ മുസ്ലിംലീഗിന്റെ പുതിയ അമരക്കാരന്‍ പാണക്കാട് നിന്നുതന്നെയുള്ള സാദിഖലി തങ്ങളെ കാത്തിരിക്കുന്നത് എന്തായിരിക്കും എന്നത് കാലം തെളിയിക്കേണ്ടതാണ്. ഹൈദരലി തങ്ങള്‍ ചികിത്സയിലായതിനെ തുടര്‍ന്ന് താത്കാലിക ചുമതല വഹിച്ചിരുന്ന സാദിഖലി തങ്ങള്‍ ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ തന്റെ സ്വാധീനമുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലിംലീഗ് ഇപ്പോള്‍ നേരിടുന്ന ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളില്‍ ചിലതിലെല്ലാം സാദിഖലി തങ്ങളുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മുതല്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ലീഗിലെ ഒരു വിഭാഗത്തിനെങ്കിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

തുറന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ക്കും അദ്ദേഹത്തിന് മടിയില്ല. തുര്‍ക്കിയിലെ ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ട് ലേഖനം എഴുതി ഇതിനോടകം പുലിവാല്‍ പിടിക്കുകയും ചെയ്തിട്ടുണ്ട് സാദിഖലി തങ്ങള്‍. ഈ ലേഖനത്തിന്റെ പേരില്‍ പൊതുസമൂഹത്തിന് മുന്നില്‍ വിശദീകരണം നല്‍കേണ്ടിവന്നു അദ്ദേഹത്തിന്. ഇടതുപക്ഷക്കാരായ ചില സൈബര്‍ വാക്താക്കളാണ് വിഷയം വഷളാക്കിയതെന്നായിരുന്നു വിവാദ ലേഖനത്തെ കുറിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നത്. അധ്യക്ഷപദവി ഏറ്റെടുത്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പങ്കുവെച്ച ആശങ്കയും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. മുന്‍ഗാമികളെ പോലെ അത്തരംവിവാദങ്ങള്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നത് തന്നെയാകും അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഹരിത വിഷയവും സമസ്തയുമായുള്ള ഭിന്നതയും പാര്‍ട്ടിയും മുന്നണിയും നേരിടുന്ന മറ്റു പ്രതിസന്ധികളും സാദിഖലി ഏത് രീതിയില്‍ കൈകാര്യം ചെയ്യും എന്നത് കണ്ടറിയേണ്ടതാണ്.

ഒരേസമയം ആത്മീയനേതാവും രാഷ്ട്രീയനേതാവും ആയിരിക്കുക എന്നത് പാണക്കാട് കുടുംബത്തുള്ളവരുടെ നിയോഗമാണ്. ലീഗും അതിന്റെ പ്രധാന വോട്ടുബാങ്കായ സമസ്തയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായപ്പോഴൊക്കെ ഇരുസംഘടനകളെയും വിളക്കിച്ചേര്‍ത്ത പ്രധാന കണ്ണികളാണ് പാണക്കാട് തങ്ങള്‍മാർ. നേതൃപദവിയിലേക്ക് സാദിഖലി തങ്ങള്‍ എത്തുമ്പോള്‍ ഇരുസംഘടനാ നേതൃത്വവും തമ്മിലുള്ള വിയോജിപ്പുകളില്‍ പരിഹാരം കണ്ടെത്തുക കൂടി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാകും.

ഒരു പതിറ്റാണ്ടിലേറെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷപദവിയിലിരുന്നതിന്റേയും താത്കാലിക സംസ്ഥാന അധ്യക്ഷ പദം അലങ്കരിച്ചതിന്റേയും അനുഭവ സമ്പത്ത് സാദിഖലി തങ്ങള്‍ക്ക് കൈമുതലായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്‍ഗാമികള്‍ക്ക് സമാനമായി സാദിഖലി തങ്ങള്‍ പക്വതയോടെ പാര്‍ട്ടിയെ നയിക്കുമെന്ന് ഉറച്ചവിശ്വാസം അണികള്‍ക്കുണ്ട്.

Content Highlights: Distance from hyder ali shihab thangal to Sadiqali shihab thangal-crises ahead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented