തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക്. നിലവിലെ ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഒടുക്കം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് എത്തുകയും കാലാവധി നീട്ടി കൊടുത്ത ഭരണ സമിതി തീരുമാനം ട്രിബ്യൂണല്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

കേന്ദ്രത്തിന്റെ അനുമതി കൂടാതെയാണ് ഡയറക്ടറുടെ കാലാവധി നീട്ടി കൊടുത്തതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. എന്നാല്‍ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് മറുവിഭാഗം വാദിക്കുന്നത്. നിലവില്‍ ട്രിബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

നിലവിലെ ഡയറക്ടറായ ഡോ. ആശാ കിഷോറിന്റെ കാലാവധി നീട്ടി നല്‍കിയതാണ് മറുവിഭാഗത്തിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. 35 ഓളം വരുന്ന ഡോക്ടര്‍മാര്‍ ഇതിനെ ട്രിബ്യൂണലില്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡയറക്ടറിന്റെ കാലാവധി നീട്ടിയ തീരുമാനം ട്രിബ്യൂണല്‍ റദ്ദാക്കിയത്.

ഇക്കാര്യത്തില്‍ ജൂണ്‍ 15ന് ഭരണ സമിതി തീരുമാനം അംഗീകരിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അറിയിപ്പ് നല്‍കി. എന്നാല്‍ 18 ന് കാലാവധി നീട്ടിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ഭിന്നതയുണ്ടായാല്‍ അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാകുമെന്നാണ് ട്രിബ്യൂണല്‍ വിധിയില്‍ പറയുന്നത്.

2015 ഏപ്രില്‍ 15 നാണ് ആശ കിഷോറിനെ ഡയറക്ടറായി അഞ്ചുവര്‍ഷത്തേക്ക് നിയമിച്ചത്. 2020 മെയ് 12 ന് കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കാലാവധി നീട്ടി നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചത്.

ഇതിനെതിരെ ഒരുവിഭാഗം ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണലിന്റെ ഇടക്കാല വിധി ഭരണസമിതി തീരുമാനം മരവിപ്പിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അത്.

എന്നാല്‍ ഇതിനെതിരെ മറുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഭരണസമിതിയുടെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം വേണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി ട്രിബ്യൂണലിന്റെ ഇടക്കാല വിധിയില്‍ ഇടപെടുകയും വിധി സ്റ്റേ ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ നവംബര്‍ ആറിന് ട്രിബ്യൂണലിന്റെ അന്തിമ വിധി വന്നസമയത്ത് ആശാ കിഷോറിന് കാലാവധി നീട്ടി നല്‍കിയ തീരുമാനം റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹയര്‍ അതോറിറ്റിയായ ഹൈക്കോടതി വിധി നിലനില്‍ക്കെ അതിനുമേല്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ട്രിബ്യൂണലിന് എങ്ങനെ സാധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

നിലവില്‍ ദേശീയ പദവിയിലുള്ള സ്ഥാപനത്തിന് ഡയറക്ടര്‍ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരം സാഹചര്യത്തില്‍ മുതിര്‍ന്ന പ്രൊഫസറിനെ താത്കാലികമായി ചുമതല കൊടുക്കണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയമാവലി. ഈ സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളത് നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കേസ് കൊടുത്തവരില്‍ ഒരാളാണ്. എന്നാല്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതിയിലേക്ക് പോകാനാണ് ആശാ കിഷോര്‍ അടക്കമുള്ളവരുടെ തീരുമാനമെന്നാണ് സൂചന.

നിലവിലെ തര്‍ക്കങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിവരങ്ങള്‍. നിലവില്‍ ട്രിബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് പോകുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Content Highlight: Dispute over post of director at Sree Chitra Institute