Photo-PTI
ന്യൂഡല്‍ഹി: അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ മടക്കിയ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നടപടി സംബന്ധിച്ച ചര്‍ച്ച അടുത്ത യോഗത്തില്‍. ഇതില്‍ സ്വീകരിക്കേണ്ട തുടര്‍നടപടി എന്തെന്ന് സുപ്രീം കോടതി കൊളീജിയത്തിന്റെ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇതിനിടെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് അവര്‍ത്തിച്ചു നല്കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന് കുറിപ്പ് നല്കി. 1993-ലെ രണ്ടാം ജഡ്ജസ് കേസില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കൊളീജിയം കുറിപ്പ് നല്‍കിയത്.
കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയത്. 2021 സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം യോഗമാണ് ഇരുവരെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ആദ്യ ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത്. എന്നാല്‍ ഈ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം മടക്കി. 2021 നവംബര്‍ പതിനൊന്നിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം യോഗം ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് അയക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഇവ സര്‍ക്കാര്‍ വീണ്ടും മടക്കി. ഇതില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ അടുത്ത കൊളീജിയം യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഇരുവരുടെയും ശുപാർശകള്‍ക്കൊപ്പം കൊളീജിയം രണ്ടാമതും അലഹബാദ് ഹൈകോടതിയിലേക്ക് നല്കിയ അഞ്ച് ശുപാര്‍ശകളും കൊല്‍ക്കത്ത ഹൈകോടതിയിലേക്ക് നല്കിയ രണ്ട് ശുപാര്‍ശയും കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. എന്നാല്‍, അതിനുമുമ്പ് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകന് നാഗേന്ദ്ര രാമചന്ദ്ര നായികിനെ നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് മൂന്നാമതും നല്കാന് സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ശുപാര്‍ശ മൂന്നാമതും കേന്ദ്രത്തിന് കൈമാറികൊണ്ട് നല്കിയ കുറിപ്പിലാണ് ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് അവര്‍ത്തിച്ചു നല്കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കിയിരിക്കുന്നത്. 1993-ലെ രണ്ടാം ജഡ്ജസ് കേസില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഏകകണ്ഠമായി അവര്‍ത്തിച്ചുനല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ഏകകണ്ഠമായി കൊളീജിയം അവര്‍ത്തിച്ചുനല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിച്ച് നിയമന ഉത്തരവ് ഒരു മാസത്തിനുള്ളില്‍ ഇറക്കണമെന്ന് സുപ്രീം കോടതി 2021-ല്‍ വിധിച്ചിരുന്നു.
ഈ രണ്ട് വിധികളും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് മാരായ സഞ്ജയ് കിഷന് കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ കൊളീജിയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കുറിപ്പ് നല്‍കിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതി കൊളീജിയവും തമ്മിലുള്ള തര്‍ക്കം നിലനില്ക്കുന്നതിനടയിലാണ് കേന്ദ്രത്തിന് ഇത്തരം ഒരു കുറിപ്പ് കൊളീജിയം കൈമാറുന്നത്.
Content Highlights: discussion on the recommendation of Kerala lawyers in the next collegium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..