ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന രീതി തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം പോലും വില്പനയ്ക്ക് വെക്കുമെന്ന് കെ.കെ രാഗേഷ് എം.പി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വളര്‍ച്ചാനിരക്കിന്റെ കള്ളക്കണക്കുകള്‍ നിര്‍ലജ്ജം അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭയില്‍ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.പി.സി.എല്‍., ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, എയര്‍പോര്‍ട്ട്, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 28 പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്ന നടപടി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഇതോടെ പതിനായിരങ്ങള്‍ തൊഴില്‍രഹിതരാകും. പ്രതിവര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം ഒരു കോടിയിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 

കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇരട്ടിച്ചത് പക്ഷേ കര്‍ഷക ആത്മഹത്യയാണ്. വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു.  ഇനിയും ഇത് ഇടിയുമെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വളര്‍ച്ചാനിരക്കിന്റെ കള്ളക്കണക്കുകള്‍ നിര്‍ലജ്ജം അവതരിപ്പിക്കുകയാണ്.

പ്രതിസന്ധിയുടെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. 1.45 കോടിയുടെ നികുതിയിളവാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത്.  ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുകൊണ്ട് മാത്രമേ പ്രതിസന്ധി പരിഹരിക്കാനാവൂ എന്നും രാഗേഷ് പറഞ്ഞു.

Content Highlights: Discussion on the economic situation in the country- KK Ragesh MP in Rajya Sabha