തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിവാദപരമായ കേസ് വരുന്നതെന്ന് നോട്ടീസില്‍ പ്രതിപക്ഷം പറയുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ ഗുരുതര സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കര്‍ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിന്‍ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിനില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകള്‍ ചോര്‍ത്തി നല്‍കിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും പി.ടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്‌ന അവിടെ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാല്‍ മതി. മുഖ്യമന്ത്രി പറയുന്നത് തങ്ങള്‍ വിശ്വസിച്ചുകൊള്ളാം. ഇ.എം.എസാണ് ആദ്യ മുഖ്യമന്ത്രിയെങ്കില്‍ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി എന്ന വിശേഷണമാകും പിണറായിക്ക് ഉണ്ടാകുക എന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയതാരെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടോ എന്നും പി.ടി. തോമസ് ചോദിച്ചു. ധൃതരാഷ്ട്രരെപ്പോലെ പുത്രീ വാത്സല്യത്തില്‍ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നുകൂടി അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സമ്മതിച്ച മുഖ്യമന്ത്രി സി.എം. രവീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല ചോദ്യം ചെയ്യാന്‍ വിളിച്ചത്. ചില പരാതികളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ മാത്രമാണ്. അദ്ദേഹത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നത് വികല മനസുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Discussion on Gold smuggling case in Assembly