തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ കടലോരമേഖലയോട് കടുത്ത വിവേചനമെന്ന് ആരോപണം. രാജ്യത്താദ്യമായി കോവിഡ് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ തീരദേശമേഖല കേന്ദ്രീകരിച്ച് ഒരു വാക്സിൻ വിതരണകേന്ദ്രം പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറം ആരോപിക്കുന്നു.
പൊഴിയൂർ, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, സ്പെഷ്യാലിറ്റി ഫിഷറീസ് ആശുപത്രി, വലിയതുറ, പുത്തൻതോപ്പ്, അഞ്ചുതെങ്ങ് എന്നീ പി എച്ച് സികൾ ജനസാന്ദ്രത കൂടുതലുള്ള തിരുവനന്തപുരം തീരദേശമേഖലയിലെ പ്രധാനപ്പെട്ട ചികിത്സാകേന്ദ്രങ്ങളാണെന്നിരിക്കെ കോവിഡ് വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കിയത് കടുത്ത വിവേചനമെന്നാണ് ആരോപണം.
കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്വം തീരദേശവാസികളുടെ മേൽ കെട്ടിവയ്ക്കാൻ നടന്ന ശ്രമങ്ങൾക്കൊപ്പം വാക്സിനേഷൻ നടപ്പിലാക്കുമ്പോൾ ബോധപൂർവമോ അല്ലാതെയോ ഉണ്ടായിരിക്കുന്ന ഈ വിവേചനവും അപലപനീയമാണെന്ന് കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലാദ്യമായി കോവിഡിന്റെ സാമൂഹികവ്യാപനമുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് തിരുവനന്തപുരത്തെ കടലോരമേഖലയിലാണ്. മറ്റിടങ്ങളെക്കാൾ ജനസാന്ദ്രത കൂടുതൽ അനുഭവപ്പെടുന്ന പ്രദേശമാണ് കടലോരങ്ങൾ. കോവിഡ് സാമൂഹിക വ്യാപനത്തെ തുടർന്ന് നൂറുകണക്കിന് ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരുമാണ് ഇവിടം കേന്ദ്രീകരിച്ച് ജീവൻ പണയപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ കോവിഡ് വാക്സിൻ വിതരണത്തിനായി നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഒരെണ്ണംപോലും തിരുവനന്തപുരത്തെ തീരദേശമേഖല കേന്ദ്രീകരിച്ച് ഉൾപ്പെടുത്തിയിട്ടില്ല.
4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 1,34,000 ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിക്കുന്നത്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകും. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Content Highlights:Discrimination against the coastal region on Covid vaccine distribution