പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരന്തര വീഴ്ചകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഡയറക്ടറുടെ അഭാവം ചര്‍ച്ചയാകുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.സരിത കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സ്വയം വിരമിച്ചശേഷം ഡയറക്ടറെ നിയമിച്ചിട്ടില്ല.
അഡി. ഡയറക്ടര്‍ക്കാണ് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഡയറക്ടറെ നിയമിക്കാത്തതിനാല്‍ ഫണ്ടുകള്‍ സ്വതന്ത്രമായി ചെലവഴിക്കാനോ നയപരമായ തീരുമാനമെടുക്കാനോ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പുറമെ വകുപ്പിലെ സുപ്രധാനമായ രണ്ട് അഡി. ഡയറക്ടര്‍മാരുടെയും തിരുവനന്തപുരം ഡിഎംഒയുടെയും തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്.
ആരോഗ്യവകുപ്പ് സ്ഥാനത്തുനിന്ന് ഡോ. സരിത സ്വയം വിരമിച്ചപ്പോള്‍ ഡോ. രമേശിന് താല്‍ക്കാലിക ചുമതല നല്‍കുകയാണ് ചെയ്തത്. ഒന്നര മാസത്തിനുശേഷം ഡോ. രാജുവിന് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. രാജു വിരമിച്ചതിനെ തുടര്‍ന്ന് ഡോ. പ്രീതയ്ക്കാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അഡി.ഡയറക്ടര്‍ (മെഡിക്കല്‍), അഡി.ഡയറക്ടര്‍ (വിജിലന്‍സ്), തിരുവനന്തപുരം ഡിഎംഒ എന്നീ തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്ന മറ്റ് സുപ്രധാന ചുമതലകള്‍.
അഡി. ഡയറക്ടര്‍മാര്‍ക്ക് പകരം ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ഡിഎംഒയുടെ തസ്തികയിലും താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുമ്പോഴും നയപരമായ തീരുമാനങ്ങളെടുക്കേണ്ട ഉത്തരവാദിത്വം ഉള്ള സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധിയുണ്ടാക്കും.
കോവിഡിന് മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഇടപെടല്‍ കാര്യക്ഷമമായിരുന്നു. പിന്നീട് ചില ഉദ്യോഗസ്ഥ- രാഷ്ട്രീയ ഇടപെടല്‍ ഡയറക്ടറുടെ സ്ഥാനം അപ്രധാനമാക്കി മാറ്റി. ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്‍റേത് മോശം പ്രകടനമാണെന്ന് ചിഫ് സെക്രട്ടറി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഭരണപരമായ കാര്യങ്ങളില്‍ ഡയറക്ടറേറ്റിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചിരുന്നു. അതിനു പകരം ഡയറക്ടര്‍, അഡി. ഡയറക്ടര്‍, ഡിഎംഒ തുടങ്ങി സുപ്രധാന സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ചുമതലകള്‍ നല്‍കി മുന്നോട്ടുപോയാല്‍ പ്രകടനം ഇനിയും മോശമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Content Highlights: Directorate of Health Services in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..