ശങ്കർ മോഹൻ | ഫോട്ടോ: യു.എൻ.ഐ
തിരുവനന്തപുരം: കോട്ടയം കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പ്രതികരണവുമായി ഡയറക്ടര്‍ ശങ്കര്മോഹന്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് തനിക്ക് വ്യക്തമല്ലെന്ന് ഇദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച തന്നെ വിദ്യാര്‍ഥികളെ കണ്ടിരുന്നു. അവര്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. അത് ചര്‍ച്ചചെയ്ത് അതിലൊരു പരിഹാരം ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ തിങ്കളാഴ്ച ആയപ്പോളേക്കും പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
അഡ്മിഷന് നടപടിക്രമങ്ങളില്‍ സംവരണ മാനദണ്ഡമെല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്കി. സ്ഥാപനത്തിലേക്കുള്ള പ്രവേശന നടപടികള്‍ ചെയ്യുന്നത് സര്‍ക്കാര്‍ ഏജന്‍സിയാണെന്നും അതില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പങ്കില്ലെന്നും ശങ്കര്‍ മോഹന്‍ വെളിപ്പെടുത്തി. വര്‍ഷങ്ങളായി ഈ ഏജന്‍സിയാണ് പ്രവശന നടപടികള്‍ ചെയ്യുന്നത്. ഇതിലെന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശരിയാക്കാന്‍ സര്‍ക്കാരും കോടതിയുമുണ്ട്.
മനഃപൂര്‍വം ദളിത് വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംവരണം പാലിക്കേണ്ട എന്ന് തീരുമാനിച്ചല്ല പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതിലെന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറുടെ പ്രായപരിധി സംബന്ധിച്ച വിവാദങ്ങളോടും ശങ്കര്‍ മോഹന്‍ മറുപടി നല്കി. തന്റെ നിയമനം സ്വയം തീരുമാനിച്ചതല്ലെന്നും നിയമിച്ചത് സര്‍ക്കാരാണെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ജാതിഅധിക്ഷേപ ആരോപണങ്ങളൊക്കെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. താന്‍ താമസിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ നിയന്ത്രണത്തിലുള്ള വാടക കെട്ടിടത്തിലാണ്. അത് വൃത്തിയാക്കാന്‍ ആഴ്ചയിലൊരിക്കല്‍ ജോലിക്കാരെ അയക്കും. അത് ചെയ്യുന്നത് എങ്ങനെയാണ് അടിമപ്പണിയാകുന്നതെന്ന് ശങ്കര്‍ മോഹന്‍ ചോദിക്കുന്നു.
ചുമതല ഏറ്റെടുത്തതിന് ശേഷം ക്യാമ്പസ് വൃത്തിയാക്കുന്ന സമയത്ത് ചാക്കുകണക്കിന് മദ്യക്കുപ്പികളാണ് ലഭിച്ചത്. അവിടുത്തെ ഒരു സെക്യൂരിറ്റി ഗാര്‍ഡാണ് മദ്യം വിതരണം ചെയ്തിരുന്നതെന്ന് കണ്ടെത്തി. അയാളെ പുറത്താക്കിയതാണ് ഈ ആരോപണങ്ങളൊക്കെ ഉയരുന്നതിന് പിന്നില്‍. വിഷയത്തില്‍ ജയകുമാര്‍ കമ്മറ്റിക്ക് താന്‍ മൊഴി കൊടുത്തിട്ടുണ്ട്. എസ്.എസി- എസ്.ടി കമ്മീഷന്റെ റിപ്പോര്‍ട്ടും ഇനി വരും. അതെല്ലാം പുറത്തുവരുമ്പോള്‍ സത്യാവസ്ഥ എല്ലാവര്ക്കും ബോധ്യമാകുമെന്ന് കരുതുന്നുവെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.
Content Highlights: Director Shankarmohan reacts to the strike at KR Narayanan Institute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..