കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി.

കേസ് പരിഗണിച്ചപ്പോള്‍ നാദിര്‍ഷായുടെ അഭിഭാഷകന്‍ തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ അഭിപ്രായം കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്ന 13 ന് വിശദമായ വാദം കേള്‍ക്കും.

ആദ്യ ചോദ്യം ചെയ്യലിലെ നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തകേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യുന്നതാനായി പോലീസ് നാദിര്‍ഷായെ വിളിപ്പിച്ചത്. അതിനുശേഷം നെഞ്ച് വേദനയേയും വയറുവേദനയെയും തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപെടുത്തുന്നതായും ഇതില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായും നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.