കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുട്ടിക്കായ് നേർച്ച; പഴനിയിലേക്കുള്ള യാത്ര കാറിലാക്കിയത് അവസാനനിമിഷം


അഭിജിത്തിന്റെ സുഹൃത്ത് കണ്ണനെ വാഹനമോടിക്കാനായി ഒപ്പം കൂട്ടി. രാത്രി പത്തോടെയാണ് തിരുവനന്തപുരം കുര്യാത്തിയിൽനിന്ന്‌ കുടുംബം യാത്രതിരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

ദിണ്ടിഗലിലുണ്ടായ അപകടത്തിൽ തകർന്ന കാർ, അപകടത്തിൽ തകർന്ന ബസ്, ഇൻസൈറ്റിൽ ശൈലജ, ജയ, ആരവ്

തിരുവനന്തപുരം: ചാലയിൽനിന്നുള്ള കുടുംബം പഴനി ക്ഷേത്രദർശനത്തിനായുള്ള യാത്ര കാറിലേക്കു മാറ്റിയത് അവസാന നിമിഷത്തിലായിരുന്നു. പഴനിയിലേക്കു തീവണ്ടിയിൽ പോകാനായിരുന്നു കുടുംബത്തിന്റെ ആദ്യ തീരുമാനം. എന്നാൽ, റിസർവേഷൻ ലഭിക്കാത്തതിനാൽ അവസാനം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാർ വാടകയ്ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനെ വാഹനമോടിക്കാനായി ഒപ്പം കൂട്ടി. രാത്രി പത്തോടെയാണ് തിരുവനന്തപുരം കുര്യാത്തിയിൽനിന്ന്‌ കുടുംബം യാത്രതിരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബാംഗങ്ങൾ പഴനിയിലേക്കു പോയത്. അപകടം കുഞ്ഞിന്റെയും രണ്ട് അമ്മൂമ്മമാരുടെയും ജീവനെടുത്തു. അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകൻ ഒമ്പതു വയസ്സുള്ള സിദ്ധാർഥ്‌, അഭിജിത്തിന്റെ അച്ഛൻ അശോകൻ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അഭിജിത്തിന്റെയും സംഗീതയുടെയും പ്രണയവിവാഹമായിരുന്നു. കുഞ്ഞുങ്ങളുണ്ടാകാൻ വൈകിയതോടെ പല നേർച്ചകളും വഴിപാടുകളും നേർന്നിരുന്നു. പഴനിയിൽ കൊണ്ടുപോയി മുടിമുറിക്കാം എന്നതും ഇത്തരത്തിലൊരു വഴിപാടായിരുന്നു. അഞ്ചുവർഷം കാത്തിരുന്നാണ് ആരവ് ജനിച്ചത്. പലപ്പോഴും മാറ്റിവച്ചെങ്കിലും ഒടുവിൽ ഓണം അവധിക്ക് പഴനിയിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

വ്യക്തതയില്ലാതെ വാർത്തകൾ; ആശങ്കകളുടെ മണിക്കൂറുകൾ

തിരുവനന്തപുരം: ദിണ്ടിഗലിൽ നടന്ന അപകടത്തിന്റെ വാർത്ത അടുത്ത ബന്ധുക്കൾവരെയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എന്നാൽ, ആദ്യം വന്ന വിവരങ്ങളിലും അവ്യക്തതകളുണ്ടായിരുന്നു. അശോകനടക്കം നാലുപേർ അപകടത്തിൽ മരിച്ചുവെന്നായിരുന്നു ആദ്യം കന്നിവാടി പോലീസ് അറിയിച്ചത്. അപകടവിവരം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും അശോകന്റെ ചെറിയ വീടിനു മുന്നിൽ തടിച്ചുകൂടി.

യാത്രപോയവരെ രാവിലെ ഏറെനേരം വിളിച്ചിട്ടും ഫോണിൽ കിട്ടിയില്ലെന്ന് അപകടത്തിൽപ്പെട്ട സിദ്ധാർഥിന്റെ അച്ഛനും സംഗീതയുടെ സഹോദരി ഭർത്താവുമായ സെയ്ദ് പറഞ്ഞു. തുടർന്നാണ് അപകടവാർത്ത മാധ്യമങ്ങളിലൂടെ അറിയുന്നത്. ഉടൻ അശോകന്റെ വീട്ടിലേക്കു വരികയായിരുന്നു. സെയ്ദിനെ വീടിന്റെ താക്കോൽ ഏൽപ്പിച്ചാണ് കഴിഞ്ഞദിവസം അശോകനും കുടുംബവും യാത്രപോയത്.

ദിണ്ടിഗലിൽ വാഹനാപകടത്തിൽ മരിച്ചവരുടെ ചാലയിലെ വീട്ടിലെത്തിയ
മന്ത്രി ആന്റണി രാജു, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

സംഭവമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽത്തന്നെ മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ കുര്യാത്തി റൊട്ടിക്കടമുക്കിലെ വീട്ടിലെത്തി. തുടർന്ന് ആന്റണി രാജു കന്നിവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നുപേരാണ്‌ മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

അപകടം നടന്ന സ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ചികിത്സാസൗകര്യങ്ങൾ ഒരുക്കാനും നടപടി സ്വീകരിച്ചതായും ഇവർ അറിയിച്ചു. ഈ സമയത്തെല്ലാം വിവരം അറിഞ്ഞ് നിരവധിപേർ ഇവിടേക്ക് എത്തുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളും അയൽവാസികളുമാണ്.

രണ്ട് ആശുപത്രികളിലായതിനാൽ ഒപ്പമുള്ളവരുടെ വിവരങ്ങൾ ആശുപത്രിയിലുള്ളവർക്കും അറിയാൻ കഴിഞ്ഞില്ല. അപകടത്തിൽ പരിക്കേറ്റ അനീഷിനെയും ആദർശിനെയും സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും മറ്റുള്ളവരുടെ വിവരങ്ങൾ ഇവർക്കും കൃത്യമായി അറിയില്ലായിരുന്നു. ഇതിനിടയിൽ ഒൻപത് വയസ്സുകാരൻ സിദ്ധാർഥിനെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയതായും അറിഞ്ഞു. ഇതും കുടുംബത്തിലുള്ളവരെ ആശങ്കയിലാക്കി. അപകടവാർത്ത അറിഞ്ഞയുടനെ ഒരു സംഘം കുര്യാത്തിയിൽനിന്ന്‌ ദിണ്ടിഗലിലേക്കു തിരിച്ചിരുന്നു.

ദിണ്ടിഗലിനടുത്തുണ്ടായ വാഹനാപകടത്തിൽ കൈക്കുഞ്ഞടക്കം മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: പഴനിയിലേക്കു പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടിഗലിനു സമീപം ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൈക്കുഞ്ഞടക്കം മൂന്നുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കുണ്ട്.

മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ലോ കോളേജ് ജീവനക്കാരിയായ ജയ(52) എന്നിവരാണ് മരിച്ചത്. ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്.

അഭിജിത്തിന്റെ മകൻ ആരവിന്റെ മുടി മുറിക്കുന്നതിന് പഴനിയിലേക്കു പോയതായിരുന്നു ഒരു കുടുംബത്തിലെ അംഗങ്ങൾ. അഭിജിത്തിന്റെ വിവാഹം കഴിഞ്ഞ്‌ അഞ്ചുവർഷത്തിനു ശേഷം കാത്തിരുന്നു കിട്ടിയ കുട്ടിക്ക് പഴനിയിൽ ചെന്നു മുടിയെടുക്കാൻ കുടുംബം നേർന്നിരുന്നു. തീവണ്ടിക്ക് ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്നാണ് വാടകയ്ക്ക് കാറെടുത്ത് യാത്രചെയ്തത്. വ്യാഴാഴ്ച രാത്രി 10-നാണ് തിരുവനന്തപുരത്തുനിന്ന്‌ കുടുംബം പുറപ്പെട്ടത്. പണൈപ്പട്ടി നാലുവരി റോഡിൽ പോകുമ്പോൾ കാറിന്റെ മുന്നിലെ വലതുഭാഗത്തുള്ള ടയർ പഞ്ചറായതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കു വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.

ദിണ്ടിഗലിൽ വാഹനാപകടത്തിൽപ്പെട്ട ചാലയിലെ അശോകന്റെ വീടിനു മുന്നിൽ കൂടിയവർ

ഇതിനു ശേഷം ദിശതിരിഞ്ഞ കാർ, റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻവശത്തെ പ്ലേറ്റും കണ്ണാടിയും ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. ചെറിയ ഗ്രാമമായ പണൈപട്ടിയിലെ നാട്ടുകാരാണ് സംഭവമറിഞ്ഞ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. കാറിന്റെ വാതിൽ തകർത്താണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അശോകൻ(62), മക്കളായ അഭിജിത്ത്(28), അനീഷ്(26), ആദർശ്(24), അഭിജിത്തിന്റെ ഭാര്യ സംഗീത(27), മരിച്ച ജയയുടെ ചെറുമകൻ സിദ്ദാർഥ്(9), മണക്കാട് കെ.എൻ.മണി റോഡിൽ ദേവൻ(20), അഭിജിത്തിന്റെ സുഹൃത്തായ ഡ്രൈവർ കണ്ണൻ എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്.

പരിക്കേറ്റവരെ പോലീസും അഗ്നിരക്ഷാസേനയുമെത്തി മധുര, ദിണ്ടിഗൽ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Content Highlights: dindigul accident - Three members of Kerala family die in road accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented