കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. സുനിയെ അറിയാമെന്നും ദിലീപിനുവേണ്ടി ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് സമ്മതിച്ചു. അപ്പുണ്ണിയെ ആറ് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ തനിക്ക് അറിയാമായിരുന്നെന്ന് അപ്പുണ്ണി മൊഴിനല്‍കി. ജയിലില്‍നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നെന്നും സമ്മതിച്ചിട്ടുണ്ട്. 

ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടില്‍ സംസാരിക്കാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴിനല്‍കി.

ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും  അപ്പുണ്ണി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.

ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് തെളിയിക്കുന്ന തരത്തിലുള്ള മൊഴിയാണ് അപ്പുണ്ണിയില്‍നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും അപ്പുണ്ണിയെ ചോദ്യംചെയ്യുമെന്നാണ് വിവരം. 

അതേസമയം, നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കിയിരുന്നു. 

മുഖ്യപ്രതി സുനി ജയിലില്‍നിന്ന് അപ്പുണ്ണിയെ വിളിച്ചെന്നായിരുന്നു ആരോപണം. പിന്നീട് വിഷ്ണുവെന്ന സഹതടവുകാരന്റെ കൈയില്‍ ദിലീപിനു കൊടുക്കാന്‍ ഒരു കത്തും കൊടുത്തുവിട്ടു. ഇത് അപ്പുണ്ണിയുടെ ഫോണിലേക്കാണ് വാട്സാപ്പ് ചെയ്തത്. സുനി അപ്പുണ്ണിയെ വിളിക്കുമ്പോള്‍ ദിലീപും അപ്പുണ്ണിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. ജ്യേഷ്ഠന്‍ ഷൈജുവിനെ പോലീസ് ക്ലബ്ബിലേക്ക് കാല്‍നടയായി പറഞ്ഞുവിട്ടശേഷം തൊട്ടുപിന്നാലെ ഒരു കാറില്‍ വേഗത്തില്‍ ക്ലബ്ബിലേക്ക് എത്തുകയായിരുന്നു.

സുനി ദിലീപിന് അയച്ച കത്ത് ജയിലില്‍വെച്ച് എഴുതിക്കൊടുത്ത വിപിന്‍ലാലിനെയും തിങ്കളാഴ്ച പോലീസ് ചോദ്യംചെയ്തു. ജയിലിലുള്ള ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.