തിരുവനന്തപുരം: നടന്‍ ദിലീപിന്റെ ഭൂമിയിടപാടിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ കളക്ടറെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. റവന്യൂമന്ത്രി നടപടിക്കായി നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്നും എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ നടപടിയെടുക്കുമെന്നും സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്സ് ആയ ഡി-സിനിമാസ് നിര്‍മിക്കുന്നതിനായി ഭൂമി കൈയേറിയെന്നും തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച വന്നതായും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005-ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് പരാതി. 

ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ഹിയറിങ്ങിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിച്ചു. 

നേരത്തെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തൃശ്ശൂര്‍ ജിലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ആറു തവണ കളക്ടറെ നേരിട്ട് കണ്ടിട്ടും പരിഹാരമുണ്ടായില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായി ഡി സിനിമാസിന്റെ ഭൂമി വീണ്ടും വിവാദമായപ്പോള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.