കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് പരിശോധിക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടു. ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് മള്‍ട്ടിപ്ലക്‌സ് നിര്‍മ്മിച്ചതെന്നാണ് ആരോപണം. തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം  കയ്യേറിയതെന്നാണ് ആരോപണം.   മുന്‍പും ഇതേ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടങ്കിലും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  ദിലീപിനെ സംരക്ഷിക്കുകായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്  ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. നടിയെ ആക്രമിച്ച കേസില്‍   ദിലീപിന്റെ   കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട്  അവസാനിക്കാനിരിക്കെയാണ് ദിലീപിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.