കൊച്ചി: ദിലീപ് കേസിൽ ആരോപണം നേരിടുന്ന വിഐപി താൻ അല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്. ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് പോയത്. അന്ന് കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം സ്വദേശിയായ ഹോട്ടൽ വ്യവസായി എന്ന പേരിലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയനുസരിച്ചുള്ള സൂചനകൾ. തുടർന്ന് പ്രവാസി വ്യവസായിയായ മെഹബൂബിനെ സംശയിക്കുന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം രംഗത്തെത്തിയത്.

ഹോട്ടൽ ബിസിനസ് ഉണ്ടെന്നും ദിലീപിനെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിൽ ഷെയറുമുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള വിഐപി താൻ അല്ലെ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എവിടെ വേണമെങ്കിലും ഇക്കാര്യം പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറ്. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാർ ഉദ്ദേശിക്കുന്ന വിഐപി ആരാണെന്ന് തനിക്കറിയില്ല. ദിലീപുമായി ചുരുങ്ങിയ കാലം മാത്രമുള്ള ബന്ധം മാത്രമാണ്. ആ സമയത്ത് ഒന്നും മോശം രീതിയിൽ തോന്നിയിട്ടില്ല. പെൻഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. അത് ബിസിനസ് സംസാരിക്കാനായിരുന്നു. ആ സമയത്ത് ഭാര്യ കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരനേയോ സഹോദരി ഭർത്താവിനേയോ യാതൊരു പരിചയമില്ലെന്നും അദ്ദേഹം പറയുന്നു. ഈ പറയുന്ന വിഐപി താൻ അല്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ തന്റെ പേര് വലിച്ചിഴക്കരുതെന്നും മെഹബൂബ് ആവശ്യപ്പെട്ടു. അന്വേഷണ സംഘം ഒന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ലെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

Content Highlights: Dileep case update - businessman mehaboob press meet