കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങള്‍ തുടങ്ങി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി.

കേസില്‍ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക അഭിഭാഷകനും ഹാജരായി.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉള്ള സാഹചര്യത്തില്‍ മറ്റൊരു അഭിഭാഷകര്‍ നടിയ്ക്കായി ഹാജരാകേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ആക്രമിക്കപ്പെട്ടയാള്‍ക്ക് സ്വന്തമായി അഭിഭാഷകനെ വെക്കാനുള്ള അവകാശമുണ്ടെന്ന് നടിക്കായി ഹാജരായ വക്കീല്‍ വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകളും രേഖകളും ദിലീപിന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ രേഖകളും ഇതിലുള്‍പ്പെടും.

dileep
ഫോട്ടോ: സിദ്ദുഖുല്‍ അക്ബര്‍

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ദിലീപിനെ കൂടാതെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ 10 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.പ്രതികളായ പ്രതീഷ് ചാക്കോയും രാജു ജോസഫും ഹാജരായില്ല.കേസിലെ തുടര്‍നടപടികള്‍ മാര്‍ച്ച് 28 ന് വീണ്ടും തുടരും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.

pulsar suni
Caption

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പോലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.