കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങള്‍ തുടങ്ങി.

 എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി. കേസില്‍ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.

നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടക്കമുള്ളവരും ബുധനാഴ്ച കോടതിയില്‍ ഹാജരായി. രണ്ടു കുറ്റപത്രങ്ങളാണ് കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പോലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

വിസ്താരം വൈകിയേക്കും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങള്‍ ബുധനാഴ്ച തുടങ്ങുമെങ്കിലും വിസ്താരം വൈകാന്‍ സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യവേനല്‍ അവധിക്കു ശേഷമാകും വിസ്താരം തുടങ്ങുന്നത്. നടപടിക്രമങ്ങള്‍ തുടങ്ങുന്ന ഇന്ന് മറ്റു നടപടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. കക്ഷികളുടെ പ്രാരംഭ വാദത്തിനും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനും വേണ്ടി കേസ് അടുത്ത ദിവസത്തേക്ക് മാറ്റും. അതിനു ശേഷമാകും വിസ്താരം തുടങ്ങുന്നത്.