കൊച്ചി: വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി 'ഡിഫ്പാല്‍വാക്‌സിന്‍' പദ്ധതിക്കൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. അംഗപരിമിതര്‍, കിടപ്പുരോഗികള്‍ തുടങ്ങി ആറ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ളതാണ് പദ്ധതി. അതേസമയം ജില്ലയില്‍ ഇതുവരെ 11,89359 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ജില്ലാ വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.  

ഡിഫറന്റലി ഏബിള്‍ഡ്-പാലിയേറ്റീവ് രോഗികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് 'ഡിഫ്പാല്‍' എന്ന് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിടപ്പുരോഗികള്‍, അംഗപരിമിതര്‍ എന്നിവരെക്കൂടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍, അതിഥി തൊഴിലാളികള്‍, ആദിവാസികള്‍, മുതിര്‍ന്നപൗരന്മാര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വാക്‌സിനേഷന്‍ നല്‍കുക.

ഇവരുടെ വിവരങ്ങള്‍ വാര്‍ഡ് തലത്തില്‍ ശേഖരിക്കുകയും ആ വിവരങ്ങള്‍ കോവിഡ് വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. അത്തരത്തില്‍ ഒരാഴ്ചകൊണ്ട് തന്നെ ഈ വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. അതേസമയം ജില്ലയിലെ മറ്റ് പഞ്ചായത്തുകളില്‍ അടുത്ത ആഴ്ചയോടുകൂടി തന്നെ പദ്ധതിക്ക് തുടക്കംകുറിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കിടപ്പിലായി അവശ നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെ വീടിന് സമീപത്തുള്ള വാക്‌സിനേഷന്‍ സെന്ററില്‍ വെച്ച് തന്നെ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അതിന് കഴിയാത്ത രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കും. കൂടാതെ പ്രവാസികള്‍ക്ക് വിദേശത്തേക്ക് പോകുന്നതിനുള്ള പാസ്‌പോര്‍ട്ട്, അനുബന്ധ രേഖകളുമായി വാക്‌സിനേഷന്‍ സെന്ററിലെത്തിയാല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയ രണ്ടാമത്തെ ജില്ലയാവുകയാണ് എറണാകുളം. ഇതുവരെ 9,42,049 പേര്‍ക്ക് ഒന്നാം ഡോസ്് വാക്‌സിനും 2,47,310 പേര്‍ക്ക് രണ്ടാംഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Content Highlights: difpal vaccination drive in ernakulam district