ചെങ്ങമനാട്: ഏഴ് വർഷം മുൻപ് രണ്ടാമതും കാണാതായ പിതാവിനെ തേടി അലയുകയാണ് 66-കാരനും ശാരീരിക വെല്ലുവിളി നേരിടുന്നയാളുമായ മകൻ സുബ്രഹ്മണ്യൻ.

ഇഷ്ടിക നിർമാണ തൊഴിലാളിയായ ചെങ്ങമനാട് പാലപ്രശ്ശേരി കുന്നിലപ്പറമ്പിൽ കൊച്ചുകുറുമ്പനെ (85) യാണ്‌ മകൻ തേടുന്നത്. സുബ്രഹ്മണ്യനെ ആദ്യം കാണാതായത് 20 വർഷം മുമ്പാണ്. അന്ന് മകനും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

10 വർഷം മുമ്പ് ആലുവ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ച വയോധികന്‍റെ മൃതദേഹം കണ്ട നാട്ടുകാരൻ അത് കൊച്ചുകുറുമ്പനാണെന്ന് പറഞ്ഞു. മകൻ സുബ്രഹ്മണ്യനെ പോലീസ്‌ പാലത്തിലെത്തിച്ചെങ്കിലും വടിയിൽ താങ്ങി ട്രാക്കിെലത്തി മൃതദേഹം നേരിട്ട് കാണാനായില്ല.

വസ്ത്രവും ചെരിപ്പും സഞ്ചിയും മറ്റും പോലീസ് സുബ്രഹ്മണ്യന്റെ അടുക്കലെത്തിച്ചു. തുടർന്ന് മൃതദേഹം കൊച്ചുകുറുമ്പന്റേതാണെന്ന് ഏകദേശം ഉറപ്പുവരുത്തി പോസ്റ്റ്മോർട്ടം നടത്തി. വീട്ടിലെത്തിച്ച് പറമ്പിൽ സംസ്കരിച്ചു. പിറ്റേ ദിവസം ഒരു ചെറുപുഞ്ചിരിയുമായി കൊച്ചുകുറുമ്പൻ വീട്ടിൽ മടങ്ങിയെത്തി.

കലൂർ ഭാഗത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കൊച്ചുകുറുമ്പന്റേതായി വന്ന ചരമ വാർത്ത പത്രങ്ങളിൽ കണ്ടവരാണ് വീട്ടിലെത്താൻ സഹായിച്ചത്.

ഏതാനും വർഷം മകന്‍റെ ഒപ്പം കഴിഞ്ഞ കൊച്ചുകുറുമ്പനെ ഒരുനാൾ വീണ്ടും കാണാതായി. അച്ഛനെ കണ്ടെത്താൻ സുബ്രഹ്മണ്യൻ പലയിടത്തും അന്വേഷിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. 2014-ൽ ചെങ്ങമനാട് പോലീസിൽ പരാതി നൽകി. പക്ഷേ, കൊച്ചുകുറുമ്പനെ കണ്ടെത്താനായിട്ടില്ല.

എങ്കിലും മുച്ചക്ര വാഹനത്തിൽ അച്ഛനെത്തേടി അലയുകയാണ് സുബ്രഹ്മണ്യൻ; അച്ഛന്റെ നരച്ച നിറം മങ്ങിയ ചിത്രവുമായി.