പ്രതീകാത്മക ചിത്രം, ബിനു പുളിക്കക്കണ്ടം | Photo: Mathrubhumi, lsgkerala.gov.in
പാലാ: നഗരസഭയുടെ പുതിയ ചെയർമാൻ സ്ഥാനാർഥി പ്രഖ്യാപനം, സി.പി.എമ്മും കേരളകോൺഗ്രസ് എമ്മും തമ്മിലുള്ള ഭിന്നതമൂലം വൈകുന്നു. മുന്നണിയിലെ ധാരണപ്രകാരം സി.പി.എം. പ്രതിനിധിയാണ് ഇനി ചെയർമാനാകേണ്ടത്.
കേരള കോൺഗ്രസ് പ്രതിനിധിയായിരുന്ന ആന്റോ ജോസ് രാജിവെച്ചതിനെത്തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കേണ്ടിവന്നത്.
സി.പി.എം. സ്ഥാനാർഥിയായി പരിഗണിക്കുന്ന ബിനു പുളിക്കക്കണ്ടത്തോടുള്ള കേരള കോൺഗ്രസിന്റെ എതിർപ്പാണ് ഭിന്നതയ്ക്ക് കാരണം. ജില്ലാതലത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ ചർച്ചചെയ്തിട്ടും തീരുമാനമാകാത്ത സാഹചര്യത്തിൽ വിഷയം സംസ്ഥാന നേതൃത്വം കൈകാര്യംചെയ്യും.
ബിനുവിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ കേരള കോൺഗ്രസ് (എം.) എതിർക്കുകയാണ്. മുമ്പ് കോൺഗ്രസ് നേതാവായിരുന്ന ബിനു പിന്നീട് ബി.ജെ.പി. പാലാ നിയോജകമണ്ഡലം പ്രസിഡന്റായി. 2019-ലെ പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുമായുള്ള അഭിപ്രായവ്യത്യാസംമൂലം സി.പി.എമ്മിൽ ചേർന്നു. സി.പി.എം. ചിഹ്നത്തിലാണ് കഴിഞ്ഞതവണ വിജയിച്ചത്.
ബിനു പുളിക്കക്കണ്ടത്തിന് മാണി സി.കാപ്പൻ എം.എൽ.എ. അടക്കമുള്ള യു.ഡി.എഫ്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും കേരള കോൺഗ്രസ് കരുതുന്നു. നഗരസഭയുടെ പ്രവർത്തനത്തിൽ യു.ഡി.എഫിന്റെ സ്വാധീനമുണ്ടാകുമെന്നാണ് കേരള കോൺഗ്രസ് നേതാക്കളുടെ ആശങ്ക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് പാലാ നഗരസഭാ കൗൺസിൽ യോഗത്തിനിടയിൽ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് എം. അംഗമായ ബൈജു കൊല്ലംപറമ്പിലുമായുണ്ടായ സംഘർഷം മുന്നണിയിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു.
തർക്കങ്ങളില്ലെന്ന് ഇരു പാർട്ടികളും
പാർട്ടിക്ക് ആദ്യമായി പാലാ നഗരസഭയുടെ ചെയർമാൻ സ്ഥാനം ലഭിക്കുമ്പോൾ കൗൺസിലറായി വർഷങ്ങളായി പ്രവർത്തനപരിചയമുള്ള ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കണമെന്നാണ് സി.പി.എം. ആഗ്രഹിക്കുന്നത്. തർക്കങ്ങളില്ലെന്നാണ് ഇരുപാർട്ടികളുടെയും ഔദ്യോഗിക നിലപാട്.
ബുധനാഴ്ച ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ അറിയിച്ചു. ചെയർമാൻ സ്ഥാനാർഥിയെ സി.പി.എം. പ്രഖ്യാപിക്കുമെന്നും കേരള കോൺഗ്രസിന് ഇതു സംബന്ധിച്ച് തർക്കമില്ലെന്നും നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ആന്റോ ജോസും പറഞ്ഞു.
മറ്റ് തർക്കങ്ങളിൽ പരിഹാരം തെളിയുന്നു
ജില്ലയിൽ ഇടതുമുന്നണിയിൽ തർക്കത്തിലുണ്ടായിരുന്ന പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം എന്നിവയിൽ തീർപ്പായി. പാറത്തോട്ടിൽ കേരള കോൺഗ്രസ് പ്രസിഡന്റ് പദം ഒഴിഞ്ഞു. ഇനി സി.പി.ഐ.യ്ക്കാണ് ഉൗഴം. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ഒഴിയും. രാജി ഉടൻ നൽകും. അടുത്ത ഉൗഴം സി.പി.ഐ.യ്ക്കാണ്.
കസേരയിലേക്ക് വൈകി ഓടി സി.പി.എം.
പാലാ: പാലായുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായാണ് ചെയർമാൻ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്. സി.പി.എമ്മിന് ആദ്യമായാണ് പാലാ നഗരസഭയുടെ ചെയർമാൻ സ്ഥാനം ലഭിക്കുവാനുള്ള സാഹചര്യമുണ്ടാകുന്നത്. മുൻകാലങ്ങളിൽ കേരള കോൺഗ്രസ് (എം). യു.ഡി.എഫിലായിരുന്നപ്പോൾ പാർട്ടി ചെയർമാനായിരുന്ന അന്തരിച്ച കെ.എം.മാണിയുടെ മനസ്സറിഞ്ഞാണ് നഗരസഭാ ചെയർമാനെ നിശ്ചയിച്ചിരുന്നത്.
യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോൺഗ്രസ് എമ്മിന് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. ചെയർമാൻ സ്ഥാനം പങ്കുവയ്ക്കുന്ന പതിവുണ്ടായിരുന്നില്ല.
മുന്നണി ധാരണപ്രകാരം ചെയർമാൻ സ്ഥാനം സി.പി.എമ്മുമായി പങ്കുവയ്ക്കുവാൻ പാർട്ടി തയ്യാറാണെങ്കിലും ഒരുവ്യക്തിയെ പരിഗണിക്കുന്നതിനോടാണ് ശക്തമായ വിയോജിപ്പ്.
എന്നാൽ ബുധനാഴ്ചയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സി.പി.എം. നേതൃത്വംപറയുന്നത്.
പാലാ നഗരസഭയുടെ ചെയർമാനെ പരിഗണിക്കുമ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ നിലപാടും കണക്കിലെടുക്കേണ്ടിവരുമെന്നും വിഷയം ജില്ലാ സംസ്ഥാന നേതാക്കൾ ചർച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്നാണ് പ്രദേശികനേതൃത്വം പറയുന്നത്. സി.പി.എം.ജില്ലാ സെക്രട്ടറി തിങ്കളാഴ്ച പാലാ ഏരിയാ കമ്മിറ്റി ഓഫീസിൽ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർത്തിരുന്നു.
പാർട്ടി തീരുമാനിക്കും-ജില്ലാ സെക്രട്ടറി
നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എം. പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങളില്ലെന്നും 18-ന് തീരുമാനമുണ്ടാകുമെന്നും പാർട്ടി ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു.
എൽ.ഡി.എഫ്. ധാരണപ്രകാരം കേരള കോൺഗ്രസ് എം പ്രതിനിധി സ്ഥാനം രാജിവെച്ച ഒഴിവിൽ അടുത്ത ഒരു വർഷത്തേക്ക് സി.പി.എമ്മിനാണ് നഗരസഭാ ചെയർമാൻ പദവി. പുതിയ ചെയർമാനെ 19-ന് തിരഞ്ഞെടുക്കും. 18 മുതൽ 19-ന് രാവിലെ 10.30 വരെയാണ് നാമനിർദേശം നൽകാനുള്ള സമയപരിധി.
ഇതിന് മുൻപായി ചെയർമാൻ സ്ഥാനത്തേക്കുള്ള പാർട്ടി പ്രതിനിധിയെ തീരുമാനിക്കും. വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽ.ഡി.എഫ്. മുൻ ധാരണപ്രകാരം സ്ഥാനം ഒഴിഞ്ഞ പദവികളിലേക്ക് പുതിയ പ്രതിനിധികളെ നിശ്ചയിക്കാനുണ്ട്.
ഇതു സംബന്ധിച്ച് ഒരിടത്തും തർക്കങ്ങളില്ല. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
കേരള കോൺഗ്രസിനെ വലിച്ചിഴയ്ക്കരുത്
നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മുമായി യാതൊരു തർക്കവുമില്ലെന്ന് കേരള കോൺഗ്രസ് (എം) മുനിസിപ്പൽ പാർലമെന്റി പാർട്ടി ലീഡർ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
തിരഞ്ഞടുപ്പിൽ സി.പി.എമ്മും എൽ.ഡി.എഫും തീരുമാനിക്കുന്നതനുസരിച്ച് പുതിയ ചെയർമാനെ തിരഞ്ഞടുക്കും. ഈ വിഷയത്തിൽ കേരള കോൺഗ്രസ് നേതാക്കളെയും പാർട്ടി നേതാക്കളെയും വലിച്ചിഴക്കുന്നത് ശരിയല്ല.
ഇടതുമുന്നണി വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന മുന്നണിയല്ല. ഇടതു മുന്നണിയുടെ നേതാക്കളെ ഇകഴ്ത്തി കാണിക്കാനുള്ള ശത്രുക്കളുടെ ശ്രമം വിജയിക്കില്ലെന്നും ആന്റോ ജോസ് പറഞ്ഞു.
Content Highlights: Difference between Kerala Congress M and CPM over pala municipal chairman seat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..