മോഷണംനടന്ന വീട്ടിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു
ഏറ്റുമാനൂർ: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. പഴയ എം.സി.റോഡിൽ എസ്.എഫ്.എസ്.സ്കൂളിന് സമീപം വെട്ടിക്കപറമ്പിൽ അശ്വതിയിൽ രമണൻ രമേശിന്റെ വീട്ടിൽ ശനിയാഴ്ച രാത്രിയിലാണ് മോഷണംനടന്നത്. പുതുവർഷത്തലേന്ന് വീട്ടുകാർ വൈകീട്ട് പുറത്തുപോയി, രാത്രി എട്ടിന് തിരിച്ചെത്തിയ സമയത്തിനുള്ളിലാണ് മോഷണം നടന്നത്. മുൻവശത്തെ കതകുതകർത്ത് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. അലമാരിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിച്ചു. നാലുപവൻ സ്വർണവും പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടു.
ഏറ്റുമാനൂർ പോലീസ് രാത്രിതന്നെ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. തുടർന്ന് ഞായറാഴ്ച രാവിലെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും പരിശോധന നടത്തി. ഒരേ രീതിയിൽ അടുത്തകാലത്ത് ഏറ്റുമാനൂരിൽ നടക്കുന്ന നാലാമത്തെ മോഷണമാണിത്. ഒക്ടോബർ 22-ന് വീടുടമയും കുടുംബാംഗങ്ങളും വീടുപൂട്ടി വിനോദയാത്ര പോയ സമയത്ത് തവളക്കുഴിയിൽ വൻ മോഷണം നടന്നു.
ഒന്നരലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളും 25,000 രൂപയുമാണ് വീടിനുള്ളിൽനിന്ന് മോഷണംപോയത്. റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂർ തവളക്കുഴി വൈശാലിയിൽ കെ.ജി.രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. ഓൾഡ് എം.സി.റോഡിലുള്ള രണ്ട് വീടുകളിലും സമാനരീതിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. വീടുകൾ ദിവസങ്ങളായി നിരീക്ഷിച്ചശേഷം, ആളുകൾ പുറത്തുപോകുന്ന സമയത്ത് വീടിന്റ കതക് പൊളിച്ച് മിനിട്ടുകൾക്കുള്ളിൽ മോഷണം നടത്തി, കടന്നു കളയുകയാണ് സംഘത്തിന്റെ രീതി. തുടർച്ചയായുള്ള മോഷണങ്ങൾ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Content Highlights: diamonds gold and money were stolen over course of months in ettumanur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..