മരണവിവരമറിഞ്ഞ് ആശുപത്രി മോർച്ചറിക്ക് മുൻപിലെത്തിയ ധീരജിന്റെ സഹപാഠികൾ
ഇടുക്കി: ചിരിച്ചും പാട്ടുപാടിയും നടന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍. അവന്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴ്ചകണ്ട ഞെട്ടലിലായിരുന്നു ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍.
എങ്കിലും അവന്‍ രക്ഷപ്പെട്ട് തിരിച്ചുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍, അവന്‍ എല്ലാവരെയും വിട്ട് യാത്രയായി. എസ്.എഫ്.ഐ. നേതാവും കോളേജിലെ വിദ്യാര്‍ഥിയുമായ ധീരജ് കൊലക്കത്തിക്ക് ഇരയായെന്ന് സഹപാഠികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
2000-ത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളേജില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘര്‍ഷങ്ങള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 1200-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസില്‍ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയ മുറ്റത്ത് അവരൊന്നായിരുന്നു. കോളേജ് കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ന്നിരുന്നു. എന്നാല്‍ ഈ സംഭവം അധ്യാപകരെയും ഞെട്ടിക്കുന്നതായിരുന്നു.
മരണവിവരം അറിഞ്ഞതോടെ സി.പി.എം. നേതാക്കളും എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഒന്നടങ്കം ആശുപത്രിയിലേക്ക് ഒഴുകിയെത്തി. പരിക്കേറ്റു എന്ന് മാത്രമാണ് എല്ലാവരും കരുതിയത്. ആശുപത്രിയില്‍ നിന്നറിഞ്ഞ വാര്‍ത്ത ഹൃദയഭേദകമായിരുന്നു.
പലരും ധീരജിന്റെ പേരെടുത്ത് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. ചിലര്‍ വിശ്വസിക്കാന്‍ കഴിയാതെ സ്തംഭിച്ചുനിന്നു. രാത്രി വൈകിയും ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നില്‍ പലരും കാത്തുനില്‍ക്കുന്നതും കാണാമായിരുന്നു. തങ്ങളുടെ സുഹൃത്തിനെ ഉപേക്ഷിച്ച് എങ്ങനെ പോകുമെന്നായിരുന്നു ഇവരുടെ ചോദ്യം.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, എം.എം.മണി എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ തുടങ്ങിയ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥലത്തെത്തി വിദ്യാര്‍ഥികളെ നിയന്ത്രിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.ടി.ആന്റണി, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. തോമസ് എന്നിവര്‍ ക്രമസമാധാനപാലനത്തിനു നേതൃത്വം നല്‍കി.
ഇടുക്കിയിലെ ആദ്യ കാമ്പസ് കൊലപാതകം
ചെറുതോണി: ജില്ലയില്‍ കാമ്പസുകളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും വിദ്യാര്‍ഥി കൊല്ലപ്പെടുന്നത് ആദ്യമാണ്. കണ്‍മുന്നില്‍ കൂട്ടുകാരന്‍ കുത്തേറ്റ് വീഴുന്നതുകണ്ട പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിലെ സഹപാഠികളും നടുക്കത്തിലാണ്.
2000-ത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘര്‍ഷങ്ങള്‍ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍ ഓര്‍മിക്കുന്നു. 1200-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസില്‍ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയമുറ്റത്ത് അവരൊന്നായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് മാത്രമാണ് അവര്‍ക്കിടയില്‍ ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നത്. കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ന്നിരുന്നു. ഈ വര്‍ഷം ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കാര്യമായ തര്‍ക്കങ്ങള്‍പോലും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ന്നിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..