കണ്ണൂര്‍: കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്ന ഒരു വിദ്യാര്‍ഥിനേതാവിന്റെ കൊലപാതകത്തോടുള്ള ആ നാടിന്റെ പ്രതികരണം കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു.

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി തൃച്ചംബരത്തെ ധീരജിന്, അദ്ദേഹത്തിന്റെ വീടിനരികില്‍ സ്മാരകം പണിയുന്നതിന് എട്ടുസെന്റ് സ്ഥലം ഒരു ഉപാധിയുമില്ലാതെ വിട്ടുകൊടുത്ത തൃച്ചംബരം സ്വദേശി ടി.വി. വിജയന്‍ സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിലെ അംഗം. അദ്ദേഹത്തിന്റെ പിതാവ് മയിലാടന്‍ കരുണാകരന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു.

ധീരജ് കൊലചെയ്യപ്പെട്ട അന്നുരാത്രിതന്നെ മന്ത്രി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട് ഉടമ വിജയനോട് ഭൂമി വിലയ്ക്ക് തരണമെന്ന് അഭ്യര്‍ഥിച്ചു.

ധീരജിന് വീടിനോടുചേര്‍ന്ന് അനുയോജ്യമായ സ്മാരകം നിര്‍മിക്കാനുള്ള പാര്‍ട്ടിയുടെ ആഗ്രഹത്തിന് അദ്ദേഹം വിലകല്‍പ്പിച്ചു. വിലപോലും നിശ്ചയിച്ചിരുന്നില്ല. ആ ഭൂമിയിലാണ് ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചത്.

ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ആയുര്‍വേദവകുപ്പില്‍ നഴ്‌സായ അമ്മ പുഷ്‌കല ഇടത് യൂണിയന്‍ അംഗം. ധീരജും അനുജന്‍ അദ്വൈതും എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും അംഗം. ധീരജ് കോളേജില്‍ എത്തിയതിനുശേഷമാണ് വിദ്യാര്‍ഥിനേതാവായി ഉയര്‍ന്നത്.