തിരുവനന്തപുരം: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാന്‍ അയ്യപ്പനെ മറയാക്കി വിചിത്ര വാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതി പ്രവേശന വിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടതിനാലാണ് പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ജീവനക്കാര്‍ പിഎഫിലേക്ക് വിയര്‍പ്പൊഴുക്കി സമ്പാദിച്ച തുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നഷ്ടസാധ്യതയുള്ള ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിച്ചത്. വിമര്‍ശനമുയര്‍ത്തിയ നടപടി ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് അതിനെ ന്യായീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പനെ കൂട്ടുപിടിച്ചത്.
ശബരിമല ക്ഷേത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ആശ്രയം. മഹാപ്രളയത്തിന് പിന്നാലെ വന്ന ശബരിമല യുവതി പ്രവേശന വിധി അപ്രതീക്ഷിതമായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ത്തു. എന്നാല്‍ ഈ കെടുതികളെല്ലാം ഭഗവാന്‍ അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടുവെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്. നഷ്ടം നികത്താന്‍ അയ്യപ്പന്‍ തുറന്നുതന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടെന്ന് ബോര്‍ഡ് പറയുന്നു.
യുവതി പ്രവേശനം, പ്രളയം തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് മുമ്പാണ് പിഎഫ് ഫണ്ടിലെ പണം ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്. തീരുമാനം വിവാദമായപ്പോഴാണ് അയ്യപ്പനെ പഴിചാരി ബോര്‍ഡ് തലയൂരിയത്. വീഴ്ച മറയ്ക്കാന്‍ അയ്യപ്പനെ കൂട്ടുപിടിച്ച ബോര്‍ഡ് പക്ഷെ പ്രപഞ്ചത്തിലാര്‍ക്കും ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കില്ലെന്ന തത്വശാസ്ത്രവും വിളമ്പുന്നുണ്ടെന്നതാണ് വിചിത്രം.
പിഎഫ് പണം ട്രഷറിയില്‍ നിക്ഷേപിക്കാതിരിക്കുന്നതിനുള്ള ന്യായീകരണം മാത്രമാണ് 11 പേജുള്ള മറുപടിയില്‍ എക യുകതിസഹമായ വാദം. ട്രഷറിയില്‍ പണം നിക്ഷേപിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി എടുക്കുന്നു എന്ന പ്രചാരണം വരും. ആ വാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുന്ന മറ്റ് ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമല്ലെന്നു പറഞ്ഞും ബോണ്ടിലെ നിക്ഷേപത്തെപ്പറ്റി ബോര്‍ഡ് ന്യായീകരിക്കുന്നുണ്ട്.
ബോണ്ട് നിക്ഷേപത്തിനെതിരെ സ്റ്റേറ്റ് ഓഡിറ്റാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെതിരായാണ് ബോര്‍ഡിന്റെ മറുപടി.
ഈ മറുപടി ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് തയ്യാറാക്കിയതാണ്. ബോണ്ടില്‍ നിക്ഷേപിച്ചതിന്റെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടി നല്ല വശങ്ങള്‍ സ്‌റ്റേറ്റ് ഓഡിറ്റ് മറച്ചുവെച്ചുവെന്നും ബോര്‍ഡ് പറയുന്നു. 11 ശതമാനം തുക ബോണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കും. എന്നാല്‍ ധനലക്ഷ്മി ബാങ്കിന്റെ തന്നെ സ്ഥിര നിക്ഷേപത്തില്‍ കിടന്ന തുകയാണ് ഇത്തരത്തില്‍ മാറ്റിയത്.
ഈ തുകയ്ക്ക് അന്ന് അറര ശതമാനമായിരുന്നു പലിശ. ഇതില്‍ കൂടുതല്‍ പലിശ ബോണ്ടിലേക്ക് മാറ്റുമ്പോള്‍ ലഭിക്കുമെങ്കിലും അതിന് നഷ്ടസാധ്യത കൂടുതലാണെന്നാണ് സ്‌റ്റേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മറിമറികടക്കനാണ് അയ്യപ്പനെ തന്നെ മറയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.
Content Highlights: Dhanalakshmi bank Bond Controversy, Travancore Devaswam Board Use Lord Ayyappa name for hide lapse