തിരുവനന്തപുരം: 52 വയസിന് മുകളിലുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍ വന്നിരിക്കുന്നത്. 

50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

50 വയസിന് താഴെയുള്ളവരെ നിയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു. 

FGP circularപോലീസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 

സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ അധികവും തിരുവനന്തപുരത്താണ്. ഈയൊരു പശ്ചാത്തലം പരിഗണിച്ചാണ് കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

അതിനിടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പോലീസ് ആസ്ഥാനം അടച്ചതെന്നാണ് വിശദീകരണം.  ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്. 

പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നടപടി.

Content Highlights: DGP's directive not to deploy policemen above the age of 50 on COVID duty