കോഴിക്കോട്:  സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്‌നം കാണാമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ന് അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമാണ്. ഈ ലോക അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്‌നം കാണാം. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും, ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നുണ്ട്. 

സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണത്തിന്‍ മേല്‍  ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. 

ബാര്‍കോഴ വിധിയെ അനുകൂലിച്ചും ഫ് ളാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി രണ്ടു ദിവസം മുമ്പാണ് സര്‍ക്കാരിന് നല്‍കിയത്. രണ്ട് സംഭവത്തിലും പരസ്യപ്രസ്താവന നടത്തിയ ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.