പുതിയ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ അപരനായി ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ചെമ്പില്‍ അശോകന്‍. അനില്‍കാന്തിനെ ഡിജിപിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കാക്കിയണിഞ്ഞ ചെമ്പില്‍ അശോകനെയും ട്രോളന്‍മാര്‍ ഏറ്റെടുത്തത്. നേരത്തെ ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങള്‍ക്കകം നടന്‍ സാജു നവോദയയെ (പാഷാണം ഷാജി) സാമൂഹ്യ മാധ്യമങ്ങളില്‍ അപരനാക്കി ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു. 

പാഷാണം ഷാജി മാറി, ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചുമതലയേറ്റു എന്ന അടിക്കുറിപ്പോടെയുള്ള ട്രോളുകള്‍ കഴിഞ്ഞ ദിവസംമുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചെമ്പില്‍ അശോകന്റെ പോലീസ് വേഷങ്ങളില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അനില്‍കാന്തിനൊപ്പം ചേര്‍ത്തുവെച്ചാണ് ട്രോളന്‍മാരുടെ ആഘോഷം. ബെഹ്‌റ-പാഷാണം ഷാജി കോമ്പിനേഷന്‍ ഏറ്റെടുത്ത സാമൂഹ്യ മാധ്യമങ്ങള്‍ അനില്‍കാന്ത്-ചെമ്പില്‍ അശോകന്‍ കോമ്പിനേഷനും ഏറ്റെടുത്തു കഴിഞ്ഞു. 

ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്ന് ചെമ്പില്‍ അശോകന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ചിലര്‍ വിളിച്ചുപറഞ്ഞ ശേഷമാണ് ട്രോളുകളെക്കുറിച്ച് അറിഞ്ഞത്. ഡിജിപിയാക്കിയുള്ള വൈറല്‍ ട്രോളുകള്‍ കണ്ടപ്പോള്‍ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. മറ്റുള്ളവരെ പോലും താനും ട്രോളുകള്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഭക്ഷണമെല്ലാം കഴിച്ച് ഇപ്പോള്‍ കുറച്ച് പുഷ്ടിപ്പെട്ടതിനാല്‍ രൂപത്തില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ പഴയ മീശയില്ലാത്ത ചിത്രങ്ങള്‍ അനില്‍കാന്തുമായി വളരെ സാമ്യമുണ്ട്. സന്ദര്‍ഭം ഒത്തുവന്നാല്‍ പുതിയ ഡിജിപിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

content highlights: DGP chembil ashokan trolls viral, DGP Anilkanth