തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ നിയമോപദേശം തേടി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തില്‍ നേരത്തെ കെ.എസ്.യുവും യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

അതിനിടെ, എം.എല്‍.എയ്‌ക്കെതിരായ പരാതി പെണ്‍കുട്ടി നിയമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ വനിതാ കമ്മീഷന്‍ അന്വേഷിക്കും. കേസില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല.

ആര്‍ക്കും കമ്മീഷന്‍ രാഷ്ട്രീയ പരിഗണന നല്‍കില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. പരാതിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന എം.സി ജോസഫൈന്റെ പ്രസ്താവന നേരത്തെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫൈന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

അതേസമയം സ്വന്തം തട്ടകത്തില്‍ പിടിച്ചു നില്‍ക്കാനായി പാര്‍ട്ടിയുടെ ചെര്‍പ്പുളശേരി ഏരിയ കമ്മറ്റിയും ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു ചേര്‍ത്ത് കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ് ശശി.