പ്രതീകാത്മകചിത്രം | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ / മാതൃഭൂമി
തിരുവനന്തപുരം: ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില് റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. പോലീസ്-ഗുണ്ടാ ബന്ധം വെളിച്ചത്തായതോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിയിലേക്ക് ഡിജിപി നീങ്ങുന്നത്. ഇതിനിടെ സംസ്ഥാനവ്യാപകമായി 24 എസ്.എച്ച്.ഒ.മാരെ സ്ഥലംമാറ്റി. ഗുണ്ടാബന്ധത്തിന്റെ പേരില്‍ നടപടി നേരിട്ട സി.ഐ.മാര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.
പോലീസ് സേനയിലെ കളങ്കിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് യൂണിറ്റ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനുള്ള നിര്‍ദേശം നല്‍കിയത്.
ഐ.ജി.മാര്‍, ഡി.ഐ.ജി.മാര്‍, സിറ്റി പോലീസ് കമ്മിഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കേണ്ടത്. പോക്സോ, ബലാത്സംഗം, വിജിലന്‍സ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പോലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സസ്പെന്ഷന് ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിട്ട പോലീസുകാരുടെ വിവരങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്. മുന്‍കാല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിക്കാനും ഡി.ജി.പി. ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മുഴുവന്‍ പോലീസുകാരും നടപടി നേരിട്ട മംഗലപുരം പോലീസ് സ്റ്റേഷനില്‍ പുതിയ എസ്.എച്ച്.ഒ.യെ നിയമിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സി.ഐ. സിജു കെ.എല്‍. നായരാണ് മംഗലപുരം എസ്.എച്ച്.ഒ. സസ്പെന്‍ഷനിലായ പേട്ട സി.ഐ. റിയാസ് രാജയ്ക്കു പകരം എസ്.എസ്. സുരേഷ് ബാബുവിനെയും നിയമിച്ചു. അതിനിടെ കസ്റ്റഡി കൊലപാതകം, മണല്‍ മാഫിയ ബന്ധം എന്നിവയുടെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന തിരുവല്ല മുന്‍ എസ്.എച്ച്.ഒ. സുരേഷ് വി. നായരെ സര്‍വീസില്‍ തിരിച്ചെടുത്തു. താനൂര്‍ കണ്ട്രോള് റൂമിലാണ് പുതിയ നിയമനം.
Content Highlights: dgp anil kants instructs to collect information of criminal in the police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..