പത്തനംതിട്ട: കോവിഡ് സാഹചര്യമാണെങ്കിലും കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മാസപൂജയ്ക്ക് 15,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും. 

മാസപൂജയ്ക്ക് 5,000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തേ അനുവാദം നല്‍കിയത്.എന്നാല്‍ കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ പ്രതിദിനം 15,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന നിലപാട് എടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം കത്തിലൂടെ ദേവസ്വം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. 

എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.

Content Highlights:  Devotees will be allowed at Sabarimala for Kumbhamasa Pooja