പത്തനംതിട്ട: ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു. ഉത്സവം മാറ്റിവെയ്ക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തുനല്‍കിയിരിക്കുന്നത്. ശബരിമല നട മാസപൂജയ്ക്കായി തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായിവരും. എന്നതിനാല്‍ തന്നെ ഉത്സവചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ രോഗവ്യാപനത്തിന്റെ സാധ്യതകൂടി കണക്കിലെടുക്കണമെന്നും തന്ത്രി കത്തില്‍ പറയുന്നു. 

ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡ്  മാര്‍ച്ച് മാസത്തില്‍ നടക്കാനിരുന്ന ഉത്സവം ഈ മാസത്തേക്ക് മാറ്റിവെച്ചത്. ഇതുമായി മുന്നോട്ടുപോകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. 

Tantri's Letter to Devaswom

Content Highlights: Devotees should not be allowed inside the temple; Sabarimala tantri writes Devaswom board