പമ്പ: ഞായറാഴ്ച രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. തെലങ്കാന സ്വദേശികളായ വാസന്തി, ആദിശേഷന്‍ എന്നിവരാണ്  ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

sabarimala
യുവതികളുടെ പ്രവേശനത്തിന് എതിരെ ശരണം
വിളിച്ച് പ്രതിഷേധിക്കുന്ന ഭക്തര്‍. ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍

ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്.

പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ഭക്തര്‍ ഇവരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സില്‍ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു.  

sabarimala
യുവതികളുടെ പ്രവേശനത്തിന് എതിരെ വഴിയില്‍ കിടന്ന്
പ്രതിഷേധിക്കുന്ന ഭക്തര്‍. ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍

യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു.  

തെലങ്കാനയില്‍നിന്നുള്ള തീര്‍ഥാടക സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും ശബരിമലയിലെ സാഹചര്യം അറിയാതെയാണ് തങ്ങള്‍ എത്തിയതെന്നു പറഞ്ഞതായും ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു.

ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിവരികയും വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന നിലയ്ക്കലില്‍ തങ്ങളെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് യുവതികളെ പമ്പാ കണ്‍ട്രോള്‍  റൂമിലേക്ക് കൊണ്ടുപോയി. ആചാരം ലഘിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയെന്നും ഐ ജി പറഞ്ഞു

ശനിയാഴ്ച കൊല്ലം സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ എസ് പി മഞ്ജു ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെയും പ്രതിഷേധത്തെയും തുടര്‍ന്ന് ദര്‍ശനത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.

content highlights: devotees protested two women from andhra returned from sabarimala