ഇടുക്കി: തുടര്‍ച്ചയായി ഉണ്ടാകുന്ന മലയിടിച്ചിലുകളില്‍ ദേശീയപാത അതോറിറ്റിയെ പ്രതിക്കൂട്ടിലാക്കി ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. റോഡ് നിര്‍മാണത്തിന് മുന്‍പ് ആവശ്യമായ ആസൂത്രണം നടത്തിയിരുന്നുവോ എന്ന് പരിശോധിക്കണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സി പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ശേഷം ഇനി തുടര്‍ നിര്‍മാണം നടത്തിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 

മൂന്നാറിലെ ഗ്യാപ്പ് റോഡ് നിര്‍മാണം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. റോഡ് നിര്‍മാണ തൊഴിലാളികളുടെ ജീവനും താഴ്വാരത്തിലെ കര്‍ഷകരുടെ ഏക്കറു കണക്കിന് കൃഷിഭൂമിയും നഷ്ടമാക്കി കൊണ്ടാണ് തുടര്‍ച്ചയായി മലയിടിച്ചിലുകള്‍. ഇനിയും ഉണ്ടായേക്കാവുന്ന അപകടങ്ങളും. ഇതിന് പിന്നില്‍ ദേശീയപാത അതോറിറ്റിയുടെ ആസൂത്രണത്തിലുണ്ടായ പിഴവാണോ എന്ന് ദേവികുളം സബ്കളക്ടര്‍ റിപ്പോര്‍ട്ടില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്‌.

അയ്യായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡിന്റെ വികസനത്തില്‍ ദേശീയപാത അതോറിറ്റിയുടെ മനപ്പൂര്‍വമായ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം. പാരിസ്ഥിതിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന വിധം ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തി കോടിക്കണക്കിന് രൂപയുടെ പാറ ഘനനം ചെയ്ത് കൊണ്ടുപോയ കരാറുകാരെ നിയന്ത്രിക്കാന്‍ ദേശീയ പാത അതോറിറ്റി ശ്രദ്ധിക്കാത്തതും സംശയത്തിന് ഇടയാക്കി.

ആദ്യ അപകടത്തിന് ശേഷം കോഴിക്കോട് എന്‍ ഐ ടി പഠനം നടത്തി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കണം. വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 

താഴ്വാരത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ആശങ്ക പരിഗണിച്ച് കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന് ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാവൂ എന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 

Content Highlights: Devikulam sub collector submit report against NHA