തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് കാരണം. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്. 
ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.

കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎല്‍എ എ.രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലിയിരുന്നു.

ഇതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ്‌ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത്. ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും ഇനി സ്പീക്കറായി തിരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആകും സത്യവാചകം ചൊല്ലേണ്ടത്.

നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി.അബ്ദുറഹ്‌മാന്‍ അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എംബി രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ.രാജ ജയിച്ച് നിയമസഭയിലെത്തിയത്.