കൊടിക്കുന്നിൽ സുരേഷ്, എ.രാജ |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: സംവരണ മണ്ഡലമാണ് ഇടുക്കിയിലെ ദേവികുളം. പട്ടികജാതി സംവരണ സീറ്റില്‍ ആ വിഭാഗത്തില്‍പെടുന്നയാളല്ല തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സ്ഥാനാര്‍ഥി എ. രാജയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ വിജയം റദ്ദാക്കിയിരിക്കുന്നത്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ് രാജയെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഡി. കുമാര്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ രാജയ്ക്ക് എം.എല്‍.എ. ആയി തുടരാനാകില്ലെങ്കിലും അദ്ദേഹത്തിന് മേല്‍ക്കോടതിയെ സമീപിക്കാനാകും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് സമാനമായി നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയത്.
മാവേലിക്കര ലോക്‌സഭ മണ്ഡലം ദേവികുളം നിയമസഭാ മണ്ഡലം പോലെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണ ചെയ്തതാണ്. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പക്കല്‍നിന്ന് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കര പിടിച്ചെടുത്തു. എന്നാല്‍, കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി. തുടര്‍ന്ന് കൊടിക്കുന്നില്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രീം കോടതി ജസ്റ്റിസുമാരായ അല്‍തമാസ് കബീര്‍, എ.കെ.പട്‌നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയും കൊടിക്കുന്നിലിനെ എം.പിയായി തുടരാന്‍ അനുവദിക്കുകയും ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് മുമ്പ് നാലു തവണ തിരഞ്ഞെടുപ്പില്‍ ജയിച്ചത് സമുദായം അദ്ദേഹത്തെ കൂട്ടത്തില്‍ ഒരാളായി അംഗീകരിച്ചതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്. കൊടിക്കുന്നില്‍ ജനിച്ചതും വളര്‍ന്നതും ക്രിസ്ത്യാനിയായിട്ടാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രീം കോടതി അംഗീകരിച്ചു. എന്നാല്‍ 16-ാമത്തെ വയസ്സില്‍ അദ്ദേഹം ഹിന്ദുവായി മാറിയെന്നും അതിന് ശേഷം ഹിന്ദു ചേരമര്‍ സമുദായത്തിന്റെ ആചാരരീതികളാണ് പിന്തുടരുന്നതെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുകയുണ്ടായി. മതംമാറ്റത്തിന് മതിയായ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എ. രാജ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ കൊടിക്കുന്നിലിന്റെ വിധി ഉയര്‍ന്നുവരുമെന്നുറപ്പാണ്. കൊടിക്കുന്നിലിന്റെ വിധിയില്‍ മുന്‍പ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചത് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, രാജ ആദ്യമായിട്ടാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത് എന്നതാണ് ശ്രദ്ധേയം.
ഹിന്ദു പറയ വിഭാഗത്തില്‍ നിന്നുള്ള ആളാണെന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റാണ് രാജ നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തഹസില്‍ദാറില്‍നിന്ന് രാജ ജാതി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതെന്നാണ് യു.ഡി.എഫിന്റെ വാദം. ഇതെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത്.
താന്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് തെളിയിക്കുന്നതിന് കൊടിക്കുന്നില്‍ സുരേഷ് കേരള ചേരമര്‍ സംഘം പ്രസിഡന്റിന്റെ കത്തടക്കം സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നതിന് പത്തു കൊല്ലം മുമ്പ് നല്‍കിയ കത്താണ് അന്ന് കൊടിക്കുന്നില്‍ ഹാജരാക്കിയിരുന്നത്. എ.രാജയ്ക്കും ഇത്തരത്തിലുള്ള തെളിവുകള്‍ സുപ്രീം കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടി വരും.
ദേവികുളത്ത് ചരിത്രം ആവര്‍ത്തിക്കുന്നു
കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായിട്ട് ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ദേവികുളത്താണ്. കേരളം രൂപീകൃതമായതിനുശേഷം 1957-ല്‍ നടന്ന ആദ്യനിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം നിയമസഭാമണ്ഡലം ഒരു ദ്വയാംഗ മണ്ഡലമായിരുന്നു. അവിടെനിന്ന് സി.പി.ഐ. പ്രതിനിധിയായി നിയമസഭയിലെത്തിയ റോസമ്മ പുന്നൂസ് സത്യപ്രതിഞ്ജ ചെയ്ത് കേരളത്തിലെ ആദ്യത്തെ എം.എല്‍.എയായി. പ്രൊ ടേം സ്പീക്കറായും അവര്‍ തെരഞ്ഞെടുക്കപ്പെടുന്നു. അതോടെ സ്വന്തമായി സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യത്തെ നിയമസഭാംഗം എന്ന റെക്കോര്‍ഡും റോസമ്മ പുന്നൂസിന് ലഭിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുന്ന ആദ്യത്തെ വനിതാ എം.എല്‍.എയും റോസമ്മ തന്നെ. എന്നാല്‍ തന്റെ നാമ നിര്‍ദേശ പത്രിക വരണാധികാരി നിയമവിരുദ്ധമായി തള്ളി എന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ബി.കെ. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി തെരഞ്ഞെടുപ്പ് തന്നെ റദ്ദു ചെയ്തു കൊണ്ട് വിധി പ്രഖ്യാപിക്കുകയുണ്ടായി. 1958-ല്‍ ദേവികുളത്ത് കേരള നിയമസഭാ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പും നടന്നു. റോസമ്മ പുന്നൂസ് തന്നെ സി.പി.ഐക്ക് വേണ്ടി മത്സരിച്ചു. വാശിയേറിയ പോരാട്ടത്തില്‍ നേരത്തെ കിട്ടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ റോസമ്മ പുന്നൂസ് ജയിച്ചുവെന്നതും ചരിത്രം.
തുടര്‍ന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും മാറി മാറി ദേവികുളത്ത് ജയിക്കുകയുണ്ടായി. 1991 മുതല്‍ കോണ്‍ഗ്രസിന്റെ കൈയിലായിരുന്ന മണ്ഡലം 2006-ല്‍ എസ്. രാജേന്ദ്രനിലൂടെയാണ് സി.പി.എം. പിടിച്ചെടുത്തത്. മൂന്ന് തവണ രാജേന്ദ്രനെ ഇവിടെ നിന്ന് തിരഞ്ഞെടുത്തു. 2021-ല്‍ എ. രാജയെ സി.പി.എം. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ മണ്ഡലത്തെ ചൊല്ലി വിവാദങ്ങളുയര്‍ന്നിരുന്നു. രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ് എസ്. രാജേന്ദ്രന്‍.
Content Highlights: Devikulam constituency-high court-a raja-legal battle-kodikunnil suresh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..