പ്രതീകാത്മക ചിത്രം | ചിത്രം: AFP
തിരുവനന്തപുരം: വികസനപദ്ധതികള്‍ക്ക് വിലപേശിയും ഭൂമിയേറ്റെടുക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. സ്ഥലമേറ്റെടുക്കുന്നതിന് നഷ്ടപരിഹാരം ഉറപ്പാക്കുന്ന 2013-ലെ കേന്ദ്രനിയമത്തിനുപുറമേയാണ് ചട്ടംകൊണ്ടുവരാനുള്ള നീക്കം. കേന്ദ്രനിയമമനുസരിച്ച് വികസനപദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കുമ്പോള്‍ വിപണിവിലയുടെ മൂന്നിരട്ടി തുകനല്‍കണം. എന്നാല്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമല്ല. വിലപേശി വാങ്ങാം.
വിപണിയില്‍ ആകര്ഷണമില്ലാത്ത സ്ഥലം മൂന്നിരട്ടിവില നല്കി ഏറ്റെടുക്കുന്നത് സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടാക്കുന്ന സ്ഥിതിയുണ്ട്. വിപണിമൂല്യം കുറഞ്ഞസ്ഥലങ്ങള് മൂന്നിരട്ടിവില ലഭിച്ചില്ലെങ്കിലും ന്യായമായ വിലയ്ക്ക് വില്ക്കാന് ഉടമകള്‍ താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. ഇത്തരം ചിലകേസുകള്‍ സംസ്ഥാനസര്‍ക്കാരിനു മുന്പില് വന്നു. ഇതോടെയാണ് 2013-ലെ സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരനിയമത്തിന്റെ ചട്ടത്തില്‍ വിലപേശിയും സര്‍ക്കാരിന് സ്ഥലമേറ്റെടുക്കാമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുന്നത്.ഇത്തരം കേസുകളില്‍ വിലപേശി നിരക്ക് നിശ്ചയിക്കും. ബജറ്റിനു മുമ്പുള്ള ചര്‍ച്ചകളില്‍ ഈ നിര്‍ദേശം സജീവമായുണ്ട്.
മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്ന പുനരധിവാസനിയമം അട്ടിമറിക്കപ്പെടരുതെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ മുമ്പിലുണ്ട്.
നയംമാറ്റം പ്രതിഫലിക്കും
ഇടതുമുന്നണി അംഗീകരിച്ച നയരേഖയുടെകൂടി അടിസ്ഥാനത്തില്‍ വരുന്ന മാറ്റങ്ങള്‍ ബജറ്റിലും പ്രതിഫലിക്കും. വിദ്യാഭ്യാസം, ഭൂവിനിയോഗം തുടങ്ങിയ മേഖലകളിലാകും കൂടുതല്‍ പ്രതിഫലിക്കുക. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം, തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തല്‍ എന്നിങ്ങനെ നയത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.
Content Highlights: Development projects land acquisition kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..