എറണാകുളം : കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൊച്ചി നഗരത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കുമെന്നും ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോർപ്പറേഷനെ സർക്കാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചർച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സർക്കാർ അധികാരത്തിലെത്തിയ ഉടൻ പ്രത്യേക ശ്രദ്ധ നൽകാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയും ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനതലത്തിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

തമ്മനം പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. വൈറ്റില ഫ്ലൈ ഓവറിന്റെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ പൊതു ടോയ്ലറ്റ് നിർമിക്കും. പൊതുമരാമത്തുവകുപ്പിന്റെ സ്ഥലങ്ങളിൽ സ്വകാര്യ പരസ്യ കമ്പനികൾ കയ്യേറിയിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത് . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കും. കയ്യേറ്റങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്കും ജനങ്ങളുടെ സ്വത്തിനും നേരെയുള്ള കടന്നു കയറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

ഫോർട്ട് കൊച്ചി ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ലോകോത്തര നിലവാരമുള്ള ടോയ്ലറ്റ് സമുച്ചയം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോർപറേഷനും ടൂറിസം വകുപ്പുമായി ചേർന്ന് കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Content Highlights:development of Kochi is essential for Kerala's leap forward says Muhammad Riyaz