1. പൂട്ടിയ സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ലിൽ നശിച്ച നെല്ല്. 2. മോട്ടോർ നന്നാക്കുന്ന ദേവസ്യജോസഫ് | ഫോട്ടോ: സി. ബിജു
ആലപ്പുഴ: ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം അരിമില്‍ പൂട്ടേണ്ടിവന്ന പുന്നപ്ര സെയ്ന്റ് തോമസ് മോഡേണ്‍ റൈസ് മില്ലുടമ ദേവസ്യ ജോസഫിന്റെ സങ്കടഹര്‍ജി മന്ത്രിസഭയുടെ പരിഗണനയ്ക്കുവെക്കാന്‍ 2017-ല്‍ മുഖ്യമന്ത്രി കുറിപ്പെഴുതിയിട്ടും നടപ്പായില്ല. സങ്കടഹര്‍ജി പരിഗണിക്കാന്‍ തുറന്ന ഫയല്‍, പിന്നീട് അദ്ദേഹത്തിനെതിരേയുള്ള കുറ്റവിചാരണയായി മാറുന്നതാണു കണ്ടത്.
മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ദേവസ്യ ജോസഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 'കരിനിലങ്ങളിലെ പതിരുകൂടിയതും ഗുണംകുറഞ്ഞതുമായ നെല്ലെടുക്കാന്‍ അന്നത്തെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ദേവസ്യ ജോസഫ് സഹകരിച്ചെന്നു ബന്ധപ്പെട്ട ഫയലിലുണ്ട്. കളക്ടറുടെ നിര്‍ബന്ധത്തിനുവഴങ്ങി ഇങ്ങനെ ചെയ്തയാളെ പഴിചാരി പിഴയും നഷ്ടവും ഈടാക്കുന്നത് യാതൊരു ന്യായീകരണമില്ലാത്ത കാര്യമാണ്' -പി. തിലോത്തമന്‍ ഒപ്പിട്ട ഫയലില്‍ കാണുന്നു. ഇതിനുതാഴെയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാന്‍ 2017 ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചിരിക്കുന്നത്.
ഇതിനെത്തുടര്‍ന്നുള്ള പൊതുവിതരണവകുപ്പിന്റെ ചംക്രമണക്കുറിപ്പില്‍ പരാതിക്കാരനെ കുറ്റക്കാരനാക്കുന്ന സ്ഥിതിയാണ്. സംഭരിച്ച നെല്ലില്‍നിന്ന് 68 ശതമാനം അരി സപ്ലൈകോയ്ക്കു നല്‍കേണ്ട ദേവസ്യ ജോസഫ്, 23.5 ശതമാനം കുറച്ചാണ് നല്‍കിയതെന്ന് അവര്‍ നിലപാടെടുത്തു. ഈ സാഹചര്യത്തില്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് ഇക്കാര്യം സമര്‍പ്പിക്കാവുന്നതാണോ എന്നകാര്യത്തില്‍ ഉത്തരവിനായി സിവില്‍ സപ്ലൈസ് മന്ത്രിക്കു സമര്‍പ്പിക്കുന്നുവെന്നാണ് 2017 സെപ്റ്റംബര്‍ 18-നുള്ള കുറിപ്പിലുള്ളത്.
മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭായോഗത്തില്‍ പരിഗണിക്കേണ്ട കരടുകുറിപ്പ് തയ്യാറാക്കി ഫയല്‍ സമര്‍പ്പിക്കാന്‍ ഇതില്‍ തിലോത്തമന്‍ നോട്ടെഴുതി. കുറിപ്പ് ചീഫ് സെക്രട്ടറിക്ക് എത്തുന്നതിനുമുമ്പ് വിഷയം ധന-നിയമ വകുപ്പുകള്‍ പരിശോധിക്കേണ്ടതല്ലേയെന്ന് ഒരുദ്യോഗസ്ഥന്‍ എഴുതി. അതോടെ പ്രത്യേകപരിശോധനാസംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് 2018 ജനുവരി 18-നു തിലോത്തമന്‍ വീണ്ടും കുറിച്ചു.
മില്‍ തുറക്കാന്‍ അനുമതി നല്‍കാനും പരാതിക്കാരന്റെ തിരിച്ചടവ് യാഥാര്‍ഥ്യബോധത്തോടെ നിശ്ചയിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഇതിലും മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതിയിലും മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് ഫെസിലിറ്റേഷന്‍ കൗണ്‍സില്‍(എം.എസ്.ഇ.എഫ്.സി.) യിലുമുള്ള പരാതികള്‍ തീര്‍പ്പാക്കിയശേഷം നടപടി സ്വീകരിക്കാമെന്നാണ് ഈ ഫയലുകളുടെ സമാഹൃതകുറിപ്പിലുള്ളത്. 36.49 ലക്ഷം രൂപ 2013 ഒക്ടോബര്‍ പത്തുമുതല്‍ മൂന്നിരട്ടി പലിശസഹിതം കോമ്പൗണ്ട് ചെയ്തുനല്‍കാന്‍ വിധിച്ചിരിക്കുകയാണിവര്‍.
മുഖ്യമന്ത്രിയും ഒരു മന്ത്രിയും ഫയലില്‍ കുറിച്ചിട്ടും അഞ്ചുവര്‍ഷമായിട്ടും അതു മന്ത്രിസഭയില്‍ വരാത്തതരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് നിലനില്‍ക്കുന്നതെന്ന് ദേവസ്യ ജോസഫിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം ഒമ്പതുവര്‍ഷംമുമ്പ് മില്‍ പൂട്ടേണ്ടിവന്ന ആലപ്പുഴ സ്വദേശി ദേവസ്യ ജോസഫിന്റെ കഥ ചൊവ്വാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.
Content Highlights: Devasya Joseph St. Thomas modern rice mill
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..