പ്രതീകാത്മക ചിത്രം | Photo:PTI
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങള്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലെത്തിച്ചേര്‍ന്നിരിക്കുകയാണ് ദേവസ്വങ്ങള്‍.
ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ഉള്‍ക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം.
ഇതിന്റെ പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കിക്കൊണ്ട് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് ആലോചന നടക്കുന്നത്. പൂരം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. പൂരം നടത്തിപ്പിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന തീരുമാനത്തിലേക്കും ദേവസ്വം ഭാരവാഹികള്‍ എത്തിച്ചേര്‍ന്നു.
പൂരം നടത്തിപ്പിന് ആരോഗ്യ സര്‍വകലാശാല വിസി ചെയര്‍മാനായി പ്രത്യേക മെഡിക്കല്‍ സമിതി രൂപവത്കരിച്ചു. വൈകീട്ട് നാലുമണിക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമധാരണയാകും.
Content Highlights:Devaswoms to conduct Thrissur Pooram as a ritual-only event
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..