തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറന്നേ തീരൂവെന്ന് സര്‍ക്കാരിന് യാതൊരു തരത്തിലുമുള്ള വാശിയുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് പ്രധാനമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ച വാര്‍ത്തയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

ശബരിമല വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി നാളെ ദേവസ്വം ബോര്‍ഡ് അധികൃതരുമായും തന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബോര്‍ഡിന് കീഴിലുളള പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടു തന്ത്രിമാരോടും ഒന്നിലധികം പ്രാവശ്യം അഭിപ്രായം ആരാഞ്ഞിരുന്നു എന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേവസ്വം പ്രസിഡന്റിനോട് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് തന്ത്രിമാരുടെ അഭിപ്രായം മാനിച്ചുകൊണ്ടായിരുന്നു നിബന്ധനകളോടുകൂടിയാണെങ്കിലും ശബരിമല ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നതിന് വേണ്ടിയുള്ള തീരുമാനം എടുത്തതെന്നാണ്.

തന്ത്രി ദേവസ്വം ബോര്‍ഡിന് ഏതെങ്കിലും തരത്തിലുളള ഒരു കത്തയച്ചതായി അവര്‍ പറയുന്നില്ല. ദേവസ്വം ബോര്‍ഡിന് കത്തുകിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ എനിക്ക് കത്തുകിട്ടിയോ എന്ന് ഒരു മാധ്യമത്തില്‍ നിന്ന് ചോദിച്ചിരുന്നു. എനിക്കും കത്തു കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായംകൂടി അറിയേണ്ടതുണ്ട്. അതുകൊണ്ട് നാളെത്തന്നെ ദേവസ്വം ബോര്‍ഡിനെയും തന്ത്രിമാരെയും കൂടിയാലോചനക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ മലയാളികള്‍ മാത്രമല്ല മറ്റു സംസ്ഥാനക്കാര്‍ കൂടി വരുന്നുണ്ട്. അതുകൊണ്ടാണ് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ പരിശോധനാഫലം കൂടി അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ രണ്ടുദിവസത്തിന് മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കാണിക്കുന്ന പരിശോധനാഫലം അപ്ലോഡ് ചെയ്താല്‍ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള പാസ് കൊടുക്കുകയുളളൂ എന്നായിരുന്നു നിബന്ധന. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണങ്ങളോടെ ആരാധന നടത്താന്‍ അനുവദിച്ചിട്ടുള്ളത്. 

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കോവിഡ് വ്യാപനം തടയുക എന്നുള്ളതാണ് പ്രധാനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെയും വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് നിബന്ധനകളോടെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനമെടുത്ത് കഴിഞ്ഞതിന് ശേഷം നേരത്തേ ക്ഷേത്രം തുറക്കണമെന്ന് ആവശ്യം ഉന്നയിച്ചവര്‍ മലക്കം മറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തുനല്‍കിയതായാണ് വിവരം. എന്നാല്‍ ശബരിമല ഉത്സവം നടത്താനും ദര്‍ശനം അനുവദിക്കാനും തീരുമാനിച്ചത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായം കേട്ടശേഷമാണെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിലപാട് അറിയിച്ചത് തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്നും ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വ്യക്തമാക്കിയിരുന്നു. 

Content Highlights:Devaswom Minister Kadakampally Surendran over Sabarimala opening during amid Covid 19