യുവതി ജോലിക്കുചേരാന്‍ വന്നത് വഴിത്തിരിവായി; 4 കോടിയുടെ തട്ടിപ്പുതെളിഞ്ഞു, അഞ്ചുജില്ലകളില്‍ 60 കേസ്


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാമെന്നു വിശ്വസിപ്പിച്ച് മാവേലിക്കര സ്വദേശികള്‍ കോടികള്‍ തട്ടിയ കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ത്തട്ടിപ്പെന്നു സൂചന.

പ്രതീകാത്മക ചിത്രം | photo: mathrubhumi news|screen grab

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാമെന്നു വിശ്വസിപ്പിച്ച് മാവേലിക്കര സ്വദേശികള്‍ കോടികള്‍ തട്ടിയ കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ത്തട്ടിപ്പെന്നു സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നൂറോളംപേരില്‍നിന്നായി നാലുകോടിരൂപ തട്ടിയെടുത്തെന്നു വ്യക്തമായി. തുക 10 കോടി കടന്നാലും അദ്ഭുതപ്പെടാനില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ആറു ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി 60 കേസുകളാണെടുത്തിരിക്കുന്നത്. 14 പേര്‍ ജയിലിലായി. പ്രതികളുമായി അടുത്തുബന്ധമുണ്ടായിരുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലുമായി.തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയുമുയരുമെന്നാണു സൂചന. ഹരിപ്പാട് സ്റ്റേഷനില്‍ ചൊവ്വാഴ്ച ഒരു കേസ് രജിസ്റ്റര്‍ചെയ്തു. ലക്ഷം മുതല്‍ 18.5 വരെ ലക്ഷം രൂപ ഉദ്യോഗാര്‍ഥികളില്‍നിന്നു തട്ടിപ്പുകാര്‍ വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

2017-ലാണ് പ്രതികള്‍ തട്ടിപ്പുതുടങ്ങിയത്. ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വിനീഷ് രാജന്‍ (34), കടവൂര്‍സ്വദേശി രാജേഷ് (34), പേള പള്ളിയമ്പില്‍ അരുണ്‍ (24), കണ്ണമംഗലം സ്വദേശിനി ബിന്ദു (43), പല്ലാരിമംഗലം മങ്ങാട്ട്് സന്തോഷ് കുമാര്‍ (52) തുടങ്ങിയവരാണു മുഖ്യപ്രതികള്‍. പ്രതികളിലൊരാളായ ഈരേഴവടക്ക് സ്വദേശി ദീപു ത്യാഗരാജന്‍ (34) വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി.

ശാസ്താംകോട്ട ഡി.ബി. കോളേജിലെ നിയമനത്തിനുള്ള വ്യാജ ഉത്തരവ്, ആലുവയിലെ ദേവസ്വം അതിഥിമന്ദിരത്തിലെ ക്ലാര്‍ക്ക് നിയമനത്തിനായി തയ്യാറാക്കിയ വ്യാജ ഉത്തരവ്

2017 മുതല്‍ തട്ടിപ്പുതുടങ്ങിയെങ്കിലും കബളിപ്പിക്കപ്പെട്ടവരില്‍ മിക്കവരും പരാതിപ്പെട്ടില്ല. പണം തിരികെചോദിക്കുന്നവരോട് തട്ടിപ്പിന് ഇടനിലക്കാരാകാനാണു പ്രതികള്‍ ആവശ്യപ്പെട്ടത്. ഇങ്ങനെയുള്ളവര്‍ക്ക് പുതിയ ഇരകളില്‍നിന്നു വാങ്ങുന്നപണത്തിന്റെ 30-40 ശതമാനം കമ്മിഷനായി നല്‍കുമായിരുന്നു. ഇങ്ങനെ ആദ്യം തട്ടിപ്പുകാര്‍ക്കു കൊടുത്തതിനെക്കാള്‍ കൂടുതല്‍ പണം സമ്പാദിച്ചവരുണ്ട്. ഇവരില്‍ച്ചിലരും അറസ്റ്റിലായിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പില്‍ പങ്കാളികളാകുന്നതിനാല്‍ പരാതിക്കാരില്ലാത്ത സ്ഥിതിയായിരുന്നു. തങ്ങള്‍ക്കൊപ്പം പണം നല്‍കിയവരെ പരാതിയില്‍നിന്നു പിന്തിരിപ്പിക്കാനും ഇക്കൂട്ടര്‍ ശ്രമിച്ചു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അഡൈ്വസ്മെമ്മോയുടെയും നിയമന ഉത്തരവിന്റെയും പകര്‍പ്പു തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ക്ലാര്‍ക്ക്, പ്യൂണ്‍, വാച്ചര്‍, കഴകം തുടങ്ങിയ തസ്തികകളിലേക്കാണു 'ഉത്തരവു' നല്‍കിവന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സീനിയര്‍ സൂപ്രണ്ടിന്റെ പേരിലായിരുന്നു വ്യാജ ഉത്തരവ് തയ്യാറാക്കിയത്.

ക്ലാര്‍ക്ക് തസ്തികയിലേക്ക് 20 ലക്ഷംവരെ ആവശ്യപ്പെട്ടു

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സ്ഥാപനങ്ങളില്‍ നിയമനംനല്‍കാമെന്നപേരില്‍ തട്ടിപ്പുനടത്തിയ പ്രതികള്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് 20 ലക്ഷം രൂപവരെ ആവശ്യപ്പെട്ടിരുന്നു. അഡൈ്വസ്മെമ്മോ ലഭിക്കുമ്പോള്‍ അഞ്ചുലക്ഷം നല്‍കണം. നിയമനോത്തരവു നല്‍കുമ്പോള്‍ അഞ്ചുലക്ഷവും ആവശ്യപ്പെടും. ജോലിയില്‍ കയറിയശേഷം ബാക്കിത്തുക കൊടുത്താല്‍മതിയെന്നായിരുന്നു ധാരണ.

ഇങ്ങനെ 10 ലക്ഷം കൈക്കലാക്കിക്കഴിയുമ്പോള്‍ പണംവാങ്ങി ജോലിനല്‍കുന്നതു പ്രശ്‌നമായെന്നും തത്കാലം ജോലിക്കു കയറാന്‍ കഴിയില്ലെന്നും പറയും. ഇതിനുശേഷം പുതിയ നിയമനോത്തരവുനല്‍കി കൂടുതല്‍ പണംവാങ്ങും. നാലും അഞ്ചും മാസങ്ങള്‍ക്കകമാണ് ഇത്രയും തട്ടിപ്പു നടത്തുന്നത്. ഇങ്ങനെ ഉത്തരവുലഭിച്ച യുവതി ജോലിക്കുചേരാന്‍ ദേവസ്വം ബോര്‍ഡിന്റെ അതിഥിമന്ദിരത്തിലെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

ഉദ്യോഗസ്ഥര്‍ യുവതി ഹാജരാക്കിയ ഉത്തരവ് ബോര്‍ഡ് ആസ്ഥാനത്തേക്കയച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതും പോലീസിനെ അന്വേഷണത്തിനു നിയോഗിക്കുന്നതും. കേസ് വലുതായതനുസരിച്ച് 19 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍. ജോസാണ് നേതൃത്വം നല്‍കുന്നത്.

തൊഴില്‍ത്തട്ടിപ്പ് സിവില്‍ കേസാക്കി പോലീസിന്റെ തട്ടിപ്പ്

കേസില്‍ ആദ്യം പോലീസ് പ്രതികളുമായി ഒത്തുകളിച്ചു. വ്യാജ നിയമനോത്തരവുണ്ടാക്കി തട്ടിപ്പുനടത്തിയ പരാതി ലഭിക്കുമ്പോള്‍ പണംതട്ടിപ്പെന്നപേരില്‍ സിവില്‍ കേസാക്കുന്നതായിരുന്നു പോലീസിന്റെ രീതി. 2017-നു ശേഷം നാലു കേസുകളാണ് ജില്ലയിലെ സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നത്. ഇവയെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ കേസുകളാക്കി മാറ്റി. സിവില്‍ കേസുകളിലെ നടപടികള്‍ ഏറെ നീണ്ടുപോകുന്നത് പ്രതികള്‍ക്കു തുണയാകുമെന്നതിനാലാണ് പോലീസ് ഈ തന്ത്രം പ്രയോഗിച്ചത്.

വ്യാജരേഖ തയ്യാറാക്കിയതും മറ്റും കേസില്‍നിന്ന് ഒഴിവാക്കിയായിരുന്നു പോലീസിന്റെ തട്ടിപ്പ്. ഇതിനെതിരേ പോലീസിലില്‍ ആഭ്യന്തരാന്വേഷണം നടക്കുകയാണ്.

ഹരിപ്പാട്ട് അഞ്ചുലക്ഷം തട്ടിയതിനു കേസ്

പ്രതികള്‍ ഹരിപ്പാട് മണ്ണാറശാല സ്വദേശിയില്‍നിന്നു കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷംരൂപ തട്ടിയെടുത്തതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ദേവസ്വംബോര്‍ഡില്‍ ക്ലാര്‍ക്ക് തസ്തിക വാഗ്ദാനംചെയ്താണ് പണംവാങ്ങിയത്. ഇടനിലക്കാരനായിനിന്ന ആള്‍ മരിച്ചുപോയി. ഇതിനാല്‍ പണം തിരികെനല്‍കാതെ ഒഴിഞ്ഞുമാറാനാണ് പ്രതികള്‍ ശ്രമിച്ചുവന്നത്.

അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം

ചെട്ടികുളങ്ങര: ദേവസ്വംബോര്‍ഡ്, ബിവറേജസ് കോര്‍പ്പറേഷന്‍, സ്പിന്നിങ്മില്‍ എന്നിവടങ്ങളില്‍ ജോലി വാഗ്ദാനംചെയ്തും വ്യാജ നിയമനയുത്തരവു നല്‍കിയും കോടികള്‍തട്ടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിദഗ്ധരെ കേസന്വേഷണം ഏല്‍പ്പിക്കണമെന്ന് പോലീസ് സേനയ്ക്കുള്ളില്‍ത്തന്നെ അഭിപ്രായമുണ്ട്.

ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള എസ്.എച്ച്.ഒ. മാരും എസ്.ഐ. മാരും അടങ്ങുന്ന പ്രത്യേക സംഘങ്ങളാണിപ്പോള്‍ കേസന്വേഷിക്കുന്നത്. മൃഗസംരക്ഷണവകുപ്പില്‍നിന്ന് ലക്ഷങ്ങള്‍വിലയുള്ള മരുന്നുകളും വ്യാജതിരിച്ചറിയല്‍കാര്‍ഡും കേസിലെ മുഖ്യപ്രതി വിനീഷ് രാജന്റെ കൈവശം എത്തിയതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. കായംകുളത്തെ വ്യവസായിക്കും മാവേലിക്കരയിലെ ഒരുവനിതയ്ക്കും കേസില്‍ പങ്കുണ്ടെന്ന ആക്ഷേപമുണ്ട്.

മാവേലിക്കര സ്വദേശിനി പ്രധാനപ്രതിയുമായി ലക്ഷക്കണക്കിനുരൂപയുടെ ഇടപാടു നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. 2018 മുതല്‍ പ്രതികള്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി പണംതട്ടിയെടുത്തിട്ടും ഇതു കണ്ടെത്തുവാനോ തട്ടിപ്പുകാരെ പിടികൂടുവാനോ സാധിക്കാഞ്ഞതു പ്രതികളുടെ ഉന്നതബന്ധം മൂലമാണെന്നാരോപണമുണ്ട്.

Content Highlights: devaswom board recruitment fraud case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented