സന്നിധാനം: ശബരിമല അവലോകന യേഗത്തില്‍ പോലീസിനും വനംവകുപ്പിനും എതിരേ ദേവസ്വം ബോര്‍ഡ്. പോലീസ് നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നെന്നും പാക്കറ്റിലുള്ള ശീതള പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലെ ബിസ്‌കറ്റുകള്‍ എന്നിവ വില്‍ക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുമാണ് ബോര്‍ഡിന്റെ പരാതി.

പോലീസിന്റെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിക്കുന്ന അവസ്ഥയിലായിരിക്കുന്നു. വാവര് നടയിലും മഹാകാണിക്കയ്ക്ക് മുന്നിലും ബാരിക്കേഡുകള്‍ ഉള്ളതിനാല്‍ വിശ്വാസികള്‍ക്ക് അങ്ങോട്ട് എത്തി കാണിക്ക അര്‍പ്പിക്കുന്നതിന് തടസ്സമുണ്ട്. അപ്പത്തിന്‍റെയും അരവണയുടെയും വിതരണം തടയുന്ന അവസ്ഥ ഉണ്ടാകരുത്. ബാരിക്കേഡുകള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

വനംവകുപ്പ് കഴിഞ്ഞ ദിവസം സന്നിധാനത്തെ കടകള്‍ക്ക് നോട്ടീസുകള്‍ നല്‍കിയിരുന്നു. പാക്കറ്റിലെ ശീതള പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലെ ബിസ്‌കറ്റുകള്‍ എന്നിവ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. വലിയ പിഴയാണ് ഇതിന് ചുമത്തിയിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാപാരികള്‍ തന്നെ ഇത്തരം പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് നല്‍കുന്ന രീതി ആരംഭിക്കാമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നത്. എന്നാല്‍ അവലോകന യോഗത്തില്‍ പ്രധാന വിഷയങ്ങളായി ഉയര്‍ന്നുവന്നത് പോലീസ് നിയന്ത്രണങ്ങളാണ്. പോലീസിനും വനംവകുപ്പിനുമെതിരായ  പരാതികള്‍ യോഗത്തില്‍ അറിയിച്ചു. ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് യോഗത്തില്‍ വ്യക്തമാക്കിയത്.

content highlights: Devaswom board, police, forest department, sannidhanam