പ്രതീകാത്മക ചിത്രം | Mathrubhumi archives
ആലപ്പുഴ: ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ലെന്ന് ആര്.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം. ഇതിനെതിരേ കെ.സി.ബി.സി.യുടെ (കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) ജാഗ്രതാ കമ്മിഷന് രംഗത്തെത്തി. കത്തോലിക്കാസഭയെ അവഹേളിക്കാന്‍ ശ്രമിച്ച ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് വീണ്ടും വെളിപ്പെടുന്നതെന്നു കമ്മിഷന് പ്രതികരിച്ചു.
കന്യാകുമാരിയിലെ നാട്ടാലം സ്വദേശിയായ നീലകണ്ഠപ്പിള്ള, ഏലങ്കം വീട് എന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നുവെന്നു 'കേസരി'യില്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം ഖജനാവിലെ പണം ധൂര്‍ത്തടിച്ചു ജയിലിലായി. മതംമാറിയാല്‍ മോചിതനാക്കാമെന്ന പാതിരിമാരുടെ പ്രലോഭനത്താലാണ് അദ്ദേഹം ദേവസഹായം പിള്ളയായത്. തുടര്‍ന്ന്, തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായി.
പള്ളിപ്പണിക്കായി വന്‍തോതില്‍ തേക്കുകള്‍ മുറിച്ചുമാറ്റിയെന്നും വൈകാതെ ജോലിപോയെന്നും ലേഖനത്തില്‍ പറയുന്നു. കുളച്ചല്‍ യുദ്ധത്തില്‍, ഡച്ചുകാരുമായി ചേര്‍ന്ന് തിരുവിതാംകൂറിനെതിരേ പോരാടിയ ക്യാപ്റ്റന്‍ ഡിലനോയി പിന്നീട് രാജാവിന്റെ വിശ്വസ്തനായി.
ക്രിസ്തുമത പ്രചാരകനായി ദേവസഹായംപിള്ള തന്നെ കാണാനെത്തിയപ്പോള്‍ സംശയംതോന്നിയ ഡിലനോയി തടവിലാക്കി. വിചാരണയ്ക്കുശേഷം രാജാവ് വെടിവെച്ചുകൊല്ലാന്‍ വിധിച്ചു. മതംമാറിയതിനുള്ള ആത്മബലിയായിരുന്നില്ല ദേവസഹായം പിള്ളയുടേത്. സത്പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ, മതംമാറിയെന്ന ഒറ്റക്കാരണത്തില്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു.
ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്‍ നടപടി. മത താത്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവസഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താത്പര്യം കുപ്രസിദ്ധമാണ്. തോമാശ്ലീഹ കേരളത്തില്‍ വന്നുവെന്ന കഥ കത്തോലിക്കാ സഭയുടെ വ്യാജചരിത്ര നിര്‍മാണത്തിനു മികച്ച ഉദാഹരണമാണ്- ലേഖനം കുറ്റപ്പെടുത്തുന്നു.
ശത്രുസ്ഥാനത്തു നിര്‍ത്തി, കത്തോലിക്കാ വിശ്വാസികളോടു വിരോധമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഈ ലേഖനത്തിലും തുടരുന്നതെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന് പ്രതികരിച്ചു. ക്രൈസ്തവ സന്ന്യസ്തര്‍ക്ക് സന്ന്യാസവസ്ത്രം ധരിച്ച് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്കഴിയാത്ത സാഹചര്യമുണ്ടാകാന്‍ കാരണം ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ്. അക്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും പിന്നില്‍ ആര്.എസ്.എസ്. അനുബന്ധ സംഘടനകളാണെന്നു വ്യക്തമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..