-
കൊല്ലം: ദേവനന്ദയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതാകാമെന്ന് അമ്മ. മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് കടന്ന് ഇതുവരെ കുട്ടി പോയിട്ടില്ലെന്നും അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് പറയാതെ അവള് എങ്ങോട്ടും പോകില്ലെന്നും അവര്‍ വ്യക്തമാക്കി.
തന്നോട് പറയാതെ മകള്‍ എങ്ങോട്ടും പോകാറില്ല. അതാണ് അവളെ ആരെങ്കിലും കൊണ്ടുപോയതാണോ എന്നതില്‍ തനിക്ക് സംശയമുള്ളതെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷനേരംകൊണ്ടാണ് ഇത് സംഭവിച്ചത്. അവളെ കാണാതായപ്പോള്‍ തന്നെ താന്‍ വിളിച്ചപ്പോള്‍ നാട്ടുകാരെല്ലാവരും വന്നു. സത്യാവസ്ഥ എന്താണെന്ന് തനിക്ക് അറിയണമെന്നും ധന്യ പറഞ്ഞു.
വിഷയത്തില്‍ നല്ലരീതിയില്‍ അന്വേഷണം വേണമെന്ന് അച്ഛന് പ്രദീപ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ദേവനന്ദയുടെ മുത്തച്ഛനും ആരോപിക്കുന്നത്.
ഒരിക്കല്‍പോലും ഇത്തിക്കരയാറിന്റെ ഭാഗത്തേക്ക് ദേവനന്ദ പോയിട്ടില്ല എന്ന് നാട്ടുകാരും പറയുന്നു. അതുകൊണ്ട് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് നാട്ടുകാരും പങ്കുവെയ്ക്കുന്ന സംശയം.
അതേസമയം വരുംദിവസങ്ങളില്‍ പോലീസ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് വിവരം. നാലുദിവസത്തിനുള്ളില്‍ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുകയുള്ളു.
Content Highlights: Devananda Death case, police waiting for postmortem report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..