കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ശനിയാഴ്ചയിലെ മുഖപ്രസംഗത്തിലാണ് കേരള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും നടപടികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്ന്. 

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയപ്രസ്താവങ്ങള്‍ നടത്തിയതെന്ന് 'ഗവര്‍ണറുടെ രാഷ്ട്രീയക്കളി' എന്ന പേരിലെഴുതിയ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ്. പ്രമേയം പാസാക്കുംമുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ല. സംസ്ഥാനത്തിന്റെ പ്രമേയം നിയമപരമാണെന്നും സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയും വിമര്‍ശനമുന്നയിക്കുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണെന്നും, സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. 

Content Highlights: deshabimani editorial criticizes governor arif mohammed khan