തിരുവനന്തപുരം : ഓരോ തദ്ദേശ സ്ഥാപനത്തിനും കോവിഡ് രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണമെന്ന് മുഖ്യമന്ത്രി. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം." ആംബുലന്‍സ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തില്‍ 5 നഗരസഭയില്‍ 10 എന്ന രീതിയില്‍ വാഹനങ്ങളുണ്ടാവണം. ഭക്ഷണ പ്രശ്‌നം തദ്ദേശ സ്വയംഭരണ സമിതികള്‍ ശ്രദ്ധിക്കുകയും നടപടി സ്വീകരിക്കുകയും വേണം.

മറ്റ് പ്രധാന നിർദേശങ്ങൾ

 • ഓക്‌സിജന്‍ അളവു നോക്കല്‍ പ്രധാനമാണ്. വാര്‍ഡുതല സമിതികള്‍ പള്‍സ് ഓക്‌സി മീറ്റര്‍ കരുതണം. ഒരു വാര്‍ഡ് തല സമിതിയുടെ കയ്യിൽ അ‍ഞ്ച് ഓക്‌സിമീറ്റര്‍ ഉണ്ടാവണം.
 • പഞ്ചായത്ത് നഗരസഭാ തലത്തില്‍ കോര്‍ ടീം വേണം. പഞ്ചായത്ത് നഗരസഭാ അധ്യക്ഷൻമാരുടെ നേതൃത്വത്തിലായിരിക്കും ഈ ടീം പ്രവർത്തിക്കുക. പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സമിതി ചെയർമാൻ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ് മെഡിക്കൽ ഓഫീസർ എന്നിവരുണ്ടാവും. കൂടുതൽ പേരെ ഉൾപ്പെടുത്താവുന്നതാണ് .
 • പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക് എന്നിവക്ക് അമിത വില ഈടാക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കും.
 • നിര്‍മ്മാണ സൈറ്റില്‍ തന്നെ തൊഴിലാളികള്‍ താമസിക്കണം. അല്ലെങ്കില്‍ താമസസ്ഥലത്ത് നിന്ന് വാഹനത്തില്‍ കൊണ്ടുവരികയും തിരിച്ചുപോവുകയും ചെയ്യാന്‍ സൗകര്യങ്ങളേർപ്പെടുത്തിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവുന്നതാണ്.
 • വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ അവരുടെ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തേണം. 
 • വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.  അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുകയാണെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. 
 • ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ട്. ഇതിന്റെ  ഉത്തരവാദിത്വവും വാര്‍ഡ് തല സമിതികള്‍ ഏറ്റെടുക്കണം.  
 • രോഗം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എപ്പോള്‍ വേണം, ആശുപത്രി സേവനം എപ്പോള്‍ വേണം എന്നീ കാര്യങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ  അടിസ്ഥാനത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം.  ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ലിസ്റ്റും കരുതി വെക്കണം. 
 • ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം.
 •  വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. ശവശരീരം മാനദണ്ഡങ്ങള്‍ പാലിച്ചു  കൊണ്ട് മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള  സഹായവും വാര്‍ഡ് തല സമിതികള്‍ നല്‍കണം. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണം. 
 • വാര്‍ഡ് തല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുന്‍ നിര പ്രവര്‍ത്തകരായാണ് കാണുന്നത്. 18 - 45 പ്രായത്തിലുള്ളവര്‍ക്ക്  വാക്‌സിന്‍ നല്‍കുമ്പോള്‍ ഇവര്‍ക്ക് മുന്‍ഗണന ഉണ്ടാവും.  
 • പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം.  
 • വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ താരതമ്യേന കൂടുതലാണ്. പലരും മറ്റു വിവിധ രോഗങ്ങള്‍ ഉള്ളവരുമാണ്. അതുപോലെ അശരണരും കിടപ്പുരോഗികളും ഉണ്ട്.  ഇവരുടെ പട്ടിക വാര്‍ഡ് തലസമിതികള്‍ തയ്യാറാക്കണം. ഇവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം. 
 • പ്രാദേശിക സ്ഥാപനതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കണ്‍ട്രോള്‍റൂമില്‍ ഉണ്ടാകണം. ഇതിന്റെ  ഭാഗമായി മെഡിക്കല്‍ ടീമിനെ സജ്ജമാക്കണം.  സാധിക്കുമെങ്കില്‍ ഒന്നിലധികം മെഡിക്കല്‍ ടീം രൂപീകരിക്കണം. 

content highlights: deploy emergency vehicle team in each Panchayath, says CM Pinarayi Vijayan