തിരുവനന്തപുരം: കോടതി ഉത്തരവ് പാലിക്കലും അപ്പീൽ നൽകലും ഉന്നത ഉദ്യോഗസ്ഥരുടെ ബാധ്യതയല്ല എന്ന വിചിത്ര ഉത്തരവുമായി പൊതുഭരണ സെക്രട്ടറി. കോടതി ഉത്തരവ് പാലിക്കലും അപ്പീൽ നൽകലും സെക്ഷൻ ഓഫീസറുടേയും അസിസ്റ്റന്റിന്റേയും ഉത്തരവാദിത്തമെന്നും വീഴ്ച വന്നാൽ ഓഫീസറേയും അസിസ്റ്റന്റിനേയും സസ്പെൻഡ് ചെയ്യുമെന്നും പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

സർക്കാർ നേരിടുന്ന കോടതിയലക്ഷ്യ കേസുകളിലും ഉത്തരവ് പാലിക്കലും അപ്പീൽ നൽകലുമെല്ലാം താഴേത്തട്ടിലെ ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. സെക്ഷൻ ഓഫീസറും അസിസ്റ്റന്റുമായിരിക്കും കോടതിയലക്ഷ്യ നടപടികൾക്ക് ഉത്തരവാദികളെന്ന് ഉത്തരവിൽ പറയുന്നു. 

ഇത്തരം ചുമതലകളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഉയർന്ന ഉദ്യോഗസ്ഥരിലാണ് നിക്ഷിപ്തമാക്കേണ്ടത്. അവർക്കാണ് അതിന്റെ അധികാരവും ഉള്ളത്. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാരും പലപ്പോഴും കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമ്പോൾ അതിന്റെ ചുമതല പൂർണ്ണമായും കീഴ്ഘടങ്ങളിലേക്ക് നൽകുന്നു എന്നും കീഴ്ഘടങ്ങളെ പൂർണ്ണമായും പഴിചാരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.