കാസര്‍കോട്: കാസര്‍കോട് ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കിനാലൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാസര്‍കോട് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 340ഓളം പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ അമ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ മാത്രം 27 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സയിലുണ്ട്.

ആരോഗ്യവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Content Highlights: dengue fever, Kasargod