തിരുവനന്തപുരം: സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന ആരോപണം ബാലിശമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍ എം.എല്‍.എ. കേരളത്തില്‍ കോണ്‍ഗ്രസ് - കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ച് സമരം നടത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. രാജഗോപാലിന്റെ പ്രസ്താവന അസംബന്ധമാണെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ല. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ട്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെങ്കില്‍ നടപടിയാവാം. എന്നാല്‍ കള്ളപ്പണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞാല്‍ തെറ്റായ നടപടിയെ എല്ലാവരും പിന്തുണയ്ക്കുമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.