കൊച്ചി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ മേള. ആര്‍ബിഐ കൊച്ചി ഓഫീസിന് മുന്നില്‍ വിവിധ പാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എല്‍ഡിഎഫ്, കോണ്‍ഗ്രസ്, ശിവസേന, എസ്ഡിപിഐ തുടങ്ങിയവരാണ് നോട്ട് നിരോധനം രാജ്യത്തെ പിന്നോട്ടടിച്ചെന്ന് ആരോപിച്ച് പ്രകടനം നടത്തിയത്. 

സംസ്ഥാനത്തെ ഭരണകക്ഷിയായ എല്‍ഡിഎഫ് ആണ് റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കലൂരില്‍ നിന്നാണ് എല്‍ഡിഎഫ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. 

congress protest
ആര്‍ബിഐ ഓഫീസിന് മുന്നില്‍ മോദിയുടെ കോലവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടൊല്ലൊടിക്കുന്ന നടപടിയായിരുന്നെന്ന് പറഞ്ഞ ഗോവിന്ദന്‍ മാസ്റ്റര്‍ ജിഎസ്ടി ഇന്ത്യയുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തെന്നും കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി നടപ്പാക്കാന്‍ ബിജെപിക്ക്  ഒത്താശ ചെയ്ത കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'വിലയേറിയ ഗുണപാഠം' എന്ന തലക്കെട്ടില്‍ മാതൃഭൂമി ഇന്നെഴുതിയ മുഖപ്രസംഗം ഏറെ പ്രസക്തമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 

എല്‍ഡിഎഫ് യോഗത്തിനിടെ തന്നെ ടൗണ്‍ ഹാളില്‍ നിന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടം എത്തി. നോട്ട് നിരോധന വാര്‍ഷികം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുകയാണെന്ന് എം.എം.ഹസന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ നടപ്പിലാക്കിയ ജിഎസ്ടി ഇന്ത്യയിലെ ജനങ്ങളെ ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന അവസ്ഥയിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നാറാണത്ത് ഭ്രാന്തനാണെന്നും ഹസന്‍ പറഞ്ഞു. 

കെപിസിസി അംഗം കെ.പി.ധനപാലന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, എല്‍ദോസ് കടന്നപ്പള്ളി, വി.പി.സജീന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ യോഗത്തിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.

cpm protest
ആര്‍ബിഐ ഓഫീസിന് മുന്നില്‍ സിപിഎം പ്രതിഷേധം എം.വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

അതേസമയം, മോദിയുടെ രൂപം ശവമഞ്ചത്തിലേറ്റിയാണ് ശിവസേനയുടെ പ്രകടനം എത്തിയത്. 'നോട്ട് നിരോധനത്തിലൂടെ കോര്‍പ്പറേറ്റുകളുടെ കള്ളപ്പണം വെളുപ്പിച്ച നരേന്ദ്ര മോദിയ്ക്ക് മാപ്പില്ല' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ശിവസേന പ്രവര്‍ത്തകര്‍ എത്തിയത്. എസ്ഡിപിഐ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ) നോട്ട് നിരോധനത്തെ ദുരന്ത വാര്‍ഷിക ദിനമായാണ് ആചരിക്കുന്നത്. നോട്ട് നിരോധനത്തിന്റെ ദോഷവശങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖയും ബിഇഎഫ്‌ഐ വിതരണം ചെയ്തു.