തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഓഡിയോ വീഡിയോ ഓഫീസര്‍ പിടിയിലായി. നെടുമങ്ങാട് സ്വദേശി വിനോദ് കുമാറാണ് വിജിലന്‍സിന്റെ കെണിയില്‍ അകപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഏജന്‍സിക്ക് പിആര്‍ഡി നല്‍കാനുള്ള ബില്‍ തുക നല്‍കുന്നതിനാണ് വിനോദ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

21 ലക്ഷം രൂപയോളം തിരുവനന്തപുരത്തെ ഏജന്‍സിക്ക് പി.ആര്‍.ഡി കുടിശ്ശിക വരുത്തിയിരുന്നു. ഇത് അനുവദിച്ച് കിട്ടാന്‍ 3.75 ലക്ഷം രൂപയാണ് വിനോദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 25000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. 

തരാമെന്ന് സമ്മതിച്ച് ഏജന്‍സി വിജിലന്‍സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് 25000 രൂപ കൈമാറുന്നതിനിടെ വിനോദ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിന് വേണ്ടി ഓഡിയോ വീഡിയോ പരിപാടികള്‍ നിര്‍മിച്ച് നല്‍കുന്ന ഏജന്‍സിയില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിആര്‍ഡി തരാനുള്ള തുകയുടെ 15 ശതമാനമാണ് വിനോദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.